Connect with us

International

ജമാഅത്ത് നേതാവിന് തടവ്: ബംഗ്ലാദേശില്‍ പ്രതിഷേധം

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ മുന്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് തടവ് ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം അക്രമാസക്തമായി. പ്രകടനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ദേശീയ പണിമുടക്കിനോടനുബന്ധിച്ചുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. ജമാഅത്ത് നേതാവിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അക്രമാസക്തരായ ജനക്കൂട്ടം സാത്കിറ ജില്ലയില്‍ പോലീസിനെ വടിയും ബോംബുമായി ആക്രമിച്ചുവെന്ന് പോലീസ് ആരോപിച്ചു.
റോഡുകളെല്ലാം മരത്തടികളും മറ്റും ഉപയോഗിച്ച് ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. ഇത് ശരിയാക്കാന്‍ പോലീസ് ശ്രമിച്ചതും സംഘര്‍ഷമുണ്ടാക്കി. ഒരു പോലീസുകാരനെ പ്രതിഷേധക്കാര്‍ ആക്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. പോലീസുകാരനെ രക്ഷപ്പെടുത്താനാണ് വെടിവെച്ചതെന്നും ഇതില്‍ രണ്ട് പേര്‍ മരിച്ചുവെന്നും ജില്ലാ പോലീസ് ഉപ മേധാവി പറഞ്ഞു.
യുദ്ധകുറ്റ ട്രൈബ്യൂണലാണ് തൊണ്ണൂറുകാരനായ ഗുലാം അസാമിന് തൊണ്ണൂറ് വര്‍ഷം തടവ് വിധിച്ചത്. 1971ലെ സ്വാതന്ത്ര്യ സമരത്തിനിടെയാണ് യുദ്ധക്കുറ്റം ചെയ്തത്. നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറിനെ പോലെയാണ് അസാം പെരുമാറിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിലയിരുത്തി.

Latest