Connect with us

National

ബീഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി

Published

|

Last Updated

പാറ്റ്‌ന: ഇന്നലെ ബീഹാറിലെ സരണ്‍ ജില്ലയിലെ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയില്‍ മരിച്ചവരുടെ എണ്ണം 20 ആയി.

ഗുരുതരാവസ്ഥയിലുള്ള പാചകക്കാരി ഉള്‍പ്പടെ മറ്റ് 27 പേരെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജിത്ത് സിന്‍ഹ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളില്‍ തളിച്ച കീനാശിനിയുടെ അവശിഷ്ടങ്ങള്‍ കാരണം ഓര്‍ഗാനോ ഫോസ്ഫറസ് വിഷം ഉള്ളില്‍ ചെന്നതാവാം കുട്ടികളുടെ മരണകാരണമെന്ന് സിന്‍ഹ പറഞ്ഞു. സരണിലെ ധരംസതി പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്.

അതേസമയം ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഛപ്രയില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിക്കുകയും പൊതു മുതലുകള്‍ നശിപ്പിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ ജെ ഡിയും ബി ജെ പിയും ഇന്ന് സരണില്‍ ബന്ധ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ക്ഷേമ പദ്ധതികളിലെ വ്യാപക ക്രമക്കേടുകളാണ് ഇത്തരത്തിലുള്ള ദുരന്തത്തിന് കാരണമെന്ന് ആര്‍ ജെ ഡി ആരോപിച്ചു.

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 2 ലക്ഷം വീതം നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

 

Latest