Connect with us

Ongoing News

പ്രകടനാത്മകത ഇല്ലാത്ത ആരാധന

Published

|

Last Updated

റമസാന്‍ വീണ്ടും വന്നിരിക്കുന്നു. അല്ലാഹുവിന് സ്തുതി. മറ്റു മാസങ്ങളില്‍ അമ്പിളിക്കല കാണുന്നതു പോലെയുള്ള ഒരനുഭവമല്ല റമസാനിലെ അമ്പിളിക്കല കാണുമ്പോള്‍ ഉണ്ടാകുന്നത്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും നാടു മുഴുവന്‍ തന്നെയും എന്തോ ഒരു മാറ്റം വന്നതു പോലെ അനുഭവപ്പെടുന്നു.

മാനവരാശിയുടെ പിറവി തൊട്ട് വിവിധ മതവിഭാഗങ്ങളില്‍ വ്രതാനുഷ്ഠാനമുണ്ടായിരുന്നു. എന്നാല്‍ റമസാനിലെ വ്രതം അവയില്‍ നിന്നെല്ലാം വ്യത്യസതമാണ്. വിശ്വാസിയുടെ പൂക്കാലം, ആത്മീയതയുടെ വസന്തം തുടങ്ങിയ പദങ്ങള്‍ കൊണ്ടോ വിശേഷണങ്ങള്‍ കൊണ്ടോ അതിന്റെ പൂര്‍ണത പറഞ്ഞൊപ്പിക്കാനാവില്ല. ഓരോ നോമ്പും ശരിയായ റീചാര്‍ജിംഗ് തന്നെയാണ്.

വര്‍ത്തമാനകാലത്തിന്റെ പൊലിമയില്‍ വിശ്വാസങ്ങള്‍ക്കു മങ്ങലേറ്റു വരികയാണ്. പൈശാചികതയിലേക്ക് നമ്മെ നയിച്ചുകൊണ്ടു പോകുന്ന പാതകള്‍ അനുദിനം കൂടി വരുന്നു. ഇവിടെ ധാര്‍മികതയൂടെ പുന:ശാക്തീകരണം അനിവാര്യമാണ്. റമസാന്‍ വ്രതം ഇതിന് വളരെയേറെ സഹായകമാണ്. ഇസ്‌ലാം ഏതു നിയമം കൊണ്ടുവരുന്നതും ഒരാളെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു ശരീരത്തോടും അതിന് താങ്ങാന്‍ കഴിയാത്തത് കല്‍പിക്കുന്നില്ലെന്ന ഖുര്‍ആന്റെ പ്രസ്താവന ശ്രദ്ധേയമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ കണിശമായി നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ച ഇസ്‌ലാം പ്രദോഷമായാല്‍ അംഗീകൃത സ്വാതന്ത്ര്യത്തോടുകുടി ജീവിക്കാന്‍ അനുവദിക്കുന്നത് അത്‌കൊണ്ടാണ്.

പിന്നെ നാമെല്ലാം നിത്യജീവിതത്തില്‍ അനുഭവിക്കുന്ന ഒരു കാര്യമുണ്ട്. പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കിക്കൊണ്ടല്ലാതെ ഒരു പരിവര്‍ത്തനവും അര്‍ഥവത്താകില്ല. ക്ഷമ, സഹിഷ്ണുത, ദുര്‍മാര്‍ഗമുക്തി തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചെല്ലാം നാം സംസാരിക്കാറുണ്ട്. ഈ കാര്യങ്ങളെല്ലാം എപ്രകാരം ജീവിതത്തിന്റെ ഭാഗമാക്കാമെന്ന് നമ്മെ പഠിപ്പിക്കുകയാണ്വ്രതം.ചുരുക്കിപ്പറഞ്ഞാല്‍ നോമ്പ് നന്മയിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുകയാണ്.

ഏത് മനുഷ്യരുടെയും മിക്ക പ്രവൃത്തികളിലും ഒരു തരം പ്രകടനാത്മകത വന്നുചേരാറുണ്ട്. ബഹുജന അംഗീകാരം എന്ന ഒരജണ്‍ഡ നമ്മുടെ ഏത് കര്‍മങ്ങളുടെ മുമ്പിലും പിമ്പിലുമുണ്ട്. നോമ്പ് ഈ രണ്ട് ദുഷ് പ്രവണതകളെയും ഇല്ലാതാക്കുന്നു, അല്ലാഹുവിന്റെ പ്രതിഫലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാത്ത വിതാനത്തിലേക്ക് നോമ്പ് മനുഷ്യനെ ഉയര്‍ത്തുന്നു. “നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്” എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം നല്‍കുന്ന സന്ദേശവും ഇതു തന്നെ. കൈയഴിച്ചു ദാനം ചെയ്യാനും അശരണരെയും സാധുക്കളെയും സഹായിക്കുന്നതിനും നോമ്പ് മനുഷ്യന് ശക്തമായ പ്രേരണ നല്‍കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തെയും സാമൂഹികനീതിയെയും സംബന്ധിച്ചു എത്ര സംസാരിച്ചിട്ടും ഫലം കാണുന്നില്ലെന്ന് പരിതപിക്കുന്നവര്‍ ഈ മഹത്തായ പ്രയാണത്തിലെ കര്‍മനിരതരായ കണ്ണികളാകട്ടെ.

ഇഫ്താര്‍ മീറ്റുകളും ഈദ് സോഷ്യലുകളും നഷ്ടസൗഹൃദങ്ങളെ നമുക്ക് തിരിച്ചു നല്‍കുന്നു. സംഘര്‍ഷഭരിതമായ ഈ ലോകത്ത് ശാന്തസുന്ദരമായ ഒരു തുരുത്തില്‍ എത്തിയ അനുഭൂതിയാണ് നോമ്പ് നമ്മില്‍ സൃഷ്ടിക്കുന്നത്.

 

Latest