Connect with us

Wayanad

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും വ്യാപാരിയും തമ്മില്‍ സംഘര്‍ഷം; ബത്തേരിയില്‍ വ്യാപാരികളുടെ മി്ന്നല്‍ ഹര്‍ത്താല്‍

Published

|

Last Updated

കല്‍പറ്റ: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും സ്വകാര്യ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ സംഘട്ടനത്തെ തുടര്‍ന്ന് ബത്തേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ഇന്റര്‍നെറ്റ് കഫേയുടെ കംപ്യൂട്ടറുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ബത്തേരി യൂണിറ്റ് ഇന്നലെ ഉച്ചക്ക് ശേഷം കടകമ്പോളങ്ങള്‍ അടച്ച് ടൗണില്‍ പ്രകടനം നടത്തി. ബത്തേരിയില്‍ ബി ജെ പി നടത്തിയ പത്രസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ ഹര്‍ത്താല്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചു. കഴിഞ്ഞ ദിവസം ബി ജെ പി്, ഹിന്ദുഐക്യവേദി, എ ബി വി പി പ്രവര്‍ത്തകര്‍ ഗാന്ധിജങ്ഷന് സമീപം നിന്ന സമയത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വാഹനങ്ങളിലെത്തി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപക്ഷത്തെ നേതാക്കളും ചേര്‍്ന്ന് പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത ഒരു പത്രത്തില്‍ നല്‍കുന്നതിന്റെ ഭാഗമായി കോപിക്യാറ്റ് എന്ന സ്ഥാപനത്തിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ മദ്യപിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനെ ചോദ്യം ചെയ്ത് പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ വാക്കേറ്റം നടന്നു.തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതിന് ശേഷം നടപടി കൈകൊള്ളാമെന്ന് പറഞ്ഞ് ഇരുകൂട്ടരെയും പറഞ്ഞറിയിക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറയുന്നു. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാനേതൃത്വം ഈ സംഭവത്തില്‍ ഇടപെട്ട് കംപ്യൂട്ടര്‍ തകര്‍ന്നുവെന്ന് പരാതി നല്‍കി.
ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ഈ കംപ്യൂട്ടര്‍ സെന്ററിലെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാത്രി അസമയത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പൊലീസ് നിരീക്ഷിക്കണമെന്നും ബി ജെ പി അവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ബി ജെ പിയും പോഷകസംഘടനകളും ഇതിനെ അണിനിരക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ബത്തേരിയില്‍ ഒരുവര്‍ഷത്തിനിടയില്‍ നാലുതവണയായി ഒരു കാരണവുമില്ലാതെ വ്യാപാരികള്‍ക്ക് നേരെ കുതിര കയറുന്ന സമീപനമാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ആരും പ്രതികരിക്കാത്തതിനാലാണ് വ്യാപാരി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതെന്നും നേതാക്കള്‍ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട പ്രവര്‍ത്തകരാണ് കടയടക്കാന്‍ നില്‍ക്കുകയായിരുന്ന വ്യാപാരികള്‍ക്ക് നേരെ കുതിര കയറുന്നത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ബത്തേരി ഹിന്ദു ഐക്യവേദി സമ്മേളനം കഴിഞ്ഞ് നടന്നുപോകുമ്പോള്‍ നോക്കിയ മൊബൈല്‍ ഷോപ്പില്‍ കയറി അവിടെയുണ്ടായിരുന്ന ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബ്ലൂസ്റ്റാര്‍ കോപി, മൊബൈല്‍ പാലസ് എന്നീ സ്ഥാപനങ്ങളിലും ഇതേ രീതിയിലുള്ള ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നയം ബി ജെ പിയും അനുബന്ധസംഘടനകളും ഒഴിവാക്കണമെന്നതാണ് കടയുടമകളുടെ ആവശ്യം.

Latest