Connect with us

Editorial

പാര്‍ലിമെന്റ് ആക്രമണം: ദുരൂഹതകളേറുന്നു

Published

|

Last Updated

പാര്‍ലിമെന്റ് ആക്രമണത്തെക്കുറിച്ചു നിലനിന്നിരുന്ന ദുരൂഹതകള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍ വി എസ് മണിയുടെ പുതിയ വെളിപ്പെടുത്തല്‍. ഭീകര വിരുദ്ധ നിയമങ്ങള്‍ക്ക് അവസരമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ തിരക്കഥ എഴുതി അവതരിപ്പിച്ച നാടകങ്ങളായിരുന്നു 2001ലെ പാര്‍ലിമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണ പരമ്പരയുമെന്ന് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐയെ സഹായിച്ച പ്രശസ്ത ഐ പി എസ് ഓഫീസര്‍ സതീഷ് വര്‍മ പറയുകയുണ്ടായെന്നാണ് മണി വെളിപ്പെടുത്തിയത്. പാര്‍ലിമെന്റ് ആക്രമണത്തിനുടനെ അന്നത്തെ ബി ജെ പി സര്‍ക്കാര്‍ വിചാരണ കൂടാതെ അറസ്റ്റ് ചെയ്തു ജയിലിലടക്കാല്‍ അനുമതി നല്‍കുന്ന “പോട്ട” നിയമം കൊണ്ടു വന്നതും മുംബൈ ആക്രമണ പരമ്പരക്ക് ശേഷം യു പി എ സര്‍ക്കാര്‍ യു എ പി എ (ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമം) ഭേദഗതി ചെയ്തു കൂടുതല്‍ കാര്‍ക്കശ്യമാക്കിയതും ഇതിനുപോദ്ബലകമായി സതീഷ് വര്‍മ ചൂണ്ടിക്കാട്ടിയ കാര്യവും കേന്ദ്ര നഗര വികസന സെക്രട്ടറിക്കയച്ച കത്തില്‍ ആര്‍ വി എസ് മണി പറയുന്നുണ്ട്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലാന്‍ഡ് ഡവലപ്‌മെന്റ് ഓഫീസറാണ് ഇപ്പോള്‍ മണി.
പാര്‍ലിമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതീ റോയി, നന്ദിതാ ഹക്‌സര്‍ തുടങ്ങിയവര്‍ സാഹചര്യത്തെളിവുകളുദ്ധരിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്. മണിയുടെ കത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ അവരുടെ നിഗമനങ്ങളെ ശരിവെക്കുന്നു. പാര്‍ലിമെന്റ് ആക്രമണത്തിനും മുംബൈ സ്‌ഫോടന പരമ്പരക്കും പിന്നില്‍ പാക് തീവ്രവാദി സംഘടനകളായിരുന്നുവെന്നാണ് അധികൃത ഭാഷ്യം. ഈ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അഫ്‌സല്‍ ഗുരുവിനും അജ്മല്‍ കസബിനും വധശിക്ഷ നടപ്പാക്കുകയുമുണ്ടായി.
ബി ജെ പി ഭരണത്തില്‍ 2001 ഡിസംബര്‍ 13നാണ് പാര്‍ലിമെന്റ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വെള്ള കാറില്‍ ബെല്‍റ്റ് ബോംബടക്കം മാരകായുധങ്ങള്‍ ധരിച്ച അഞ്ചു പേര്‍ പാര്‍ലിമെന്റ് കവാടം കടന്നെത്തി. സുരക്ഷാ ഭടന്മാര്‍ തടഞ്ഞപ്പോള്‍ അവര്‍ തുരുതുരാ വെടിവെച്ചു. എട്ട് ഭടന്മാരും ഒരു തോട്ടം ജോലിക്കാരനും അവരുടെ തോക്കിനിരയായി. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് അധികൃതരുടെ വിശദീകരണം. പാര്‍ലിമെന്റാക്രമണത്തിന് സാധ്യതയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അഡ്വാനി പ്രസ്താവിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്താണ് ആക്രമണം നടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധനക്ക് അത്യന്താധുനിക സജ്ജീകരണങ്ങളുള്ള പാര്‍ലിമെന്റ് വളപ്പിന്റെ പ്രധാന കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാനായി? മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ക്കും പോലീസിനും ഇവരെ എന്തുകൊണ്ട് കണ്ടെത്താനായില്ല? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടിയില്ലായിരുന്നു.
ഭരണകൂട ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ഒന്നൊന്നയി പുറത്തു കൊണ്ടുവന്നിരിക്കയാണിപ്പോള്‍. ഇശ്‌റത്ത് ജഹാന്‍, ബട്‌ലാ ഹൗസ് തുടങ്ങിയ മിക്ക ഏറ്റുമുട്ടലുകളും വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ 191 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ 1500ല്‍പരം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നുവെന്നാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയ പരാതി. കാശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 500 ലേറെ സൈനികര്‍ ഈ കേസുകളില്‍ പ്രതികളാണ്.
ഭരണകൂട ഭീകരതയുടെ മറ്റൊരു വശമാണ് പോട്ട, യു എ പി എ പോലുള്ള നിയമങ്ങള്‍. 1950 ഫെബ്രുവരി 25ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച് പാസ്സാക്കിയ പ്രവിന്റീവ് ഡിറ്റെന്‍ഷന്‍ ആക്ട് ( പി ഡി എ) ആണ് രാജ്യത്തെ ആദ്യത്തെ കരിനിയമം. വിഭജനാനന്തരം ഉടലെടുത്ത സംഘര്‍ഷാവസ്ഥയില്‍ മുസ്‌ലിംകളെ ഉന്നം വെച്ചാണ് പട്ടേല്‍ നിയമം കൊണ്ടുവന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തില്‍ “മിസ” യും തുടര്‍ന്നു ടാഡയും പോട്ടയും വന്നു. ബി ജെ പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു നിരവധി നിരപരാധികളെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്ത പോട്ടക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അത് പിന്‍വലിച്ച യു പി എ സര്‍ക്കാര്‍ പകരമായി കൊണ്ടുവന്നതാണ് ടാഡയിലേതിനേക്കാള്‍ കടുത്ത വകുപ്പുകളടങ്ങുന്ന യു എ പി എ. ഇതിന്റെ ഭേദഗതിക്ക് പശ്ചാത്തലമൊരുക്കാനാണ് മുംബൈ ആക്രമണം നടത്തിയതെന്ന വെളിപ്പെടുത്തല്‍ യാഥാര്‍ഥ്യമെങ്കില്‍ യു പി എ സര്‍ക്കാര്‍ അണിഞ്ഞ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖം മൂടി അഴിച്ചു മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ കെട്ടടങ്ങി ദിവസങ്ങള്‍ക്കകം പുറത്തു വന്ന ഈ വിവരങ്ങള്‍ കാശ്മീരില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണ്ടറിയേണ്ടതുണ്ട്.