Connect with us

National

ഉത്തരാഖണ്ഡ് പ്രളയം: കാണാതായത് അയ്യായിരത്തിലേറെ പേരെ

Published

|

Last Updated

vijay

വിജയ് ബഹുഗുണ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ കാണാതായവരെ മരിച്ചവരായി പ്രഖ്യാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ. കഴിഞ്ഞ മാസം 16 ാം തീയതി മുതലുണ്ടായ പ്രളയത്തില്‍ 5,748 പേരെയാണ് കാണാതായതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ബഹുഗുണ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നത് ഇന്ന് മുതല്‍ തുടങ്ങും. കാണാതായവരുടെ കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ ധനസഹായം നല്‍കും. അവരെ പിന്നീട് കണ്ടെത്തിയാല്‍ ഈ പണം തിരികെ വാങ്ങും. കേന്ദ്ര നഗരാസൂത്രണ, പാര്‍ലിമെന്ററി കാര്യ മന്ത്രി രാജീവ് ശുക്ലയും മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കാണാതായവരെ കുറിച്ചുള്ള പ്രതീക്ഷ കൈവിടാത്തതുകൊണ്ടാണ് ഇപ്പോഴും ഇവരെ മരിച്ചവരായി പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നേക്കകം കാണാതായവരെ കണ്ടെത്തിയില്ലെങ്കില്‍ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞയാഴ്ച ബഹുഗുണ പറഞ്ഞിരുന്നു.
എല്ലായിടത്തും ബി എസ് എന്‍ എല്‍ ബന്ധം പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്തുതന്നെ ഗ്രാമമുഖ്യരുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിവിവരങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം നടന്ന ശേഷം ഒരു മാസമായിട്ടും കണ്ടെത്താനാകാത്തവരുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ഇതില്‍ 934 പേര്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. കാണാതായവര്‍ക്കുള്ള സഹായധനത്തില്‍ 3.5 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുക. കേദര്‍നാഥ് ക്ഷേത്രത്തിനടുത്തും മറ്റുമാണ് പ്രളയം സര്‍വനാശം വിതച്ചത്. ക്ഷേത്ര പരിസരത്ത് അഞ്ച് അടി ഉയരത്തില്‍ കെട്ടിടാവശിഷ്ടങ്ങളും മറ്റും കൂമ്പാരമായി നില്‍ക്കുകയാണ്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് കിലോ മീറ്ററുകള്‍ക്കകലെ രാംബഡയില്‍ മൃതദേഹങ്ങള്‍ കണ്ടതായി സേനക്ക് അറിയിപ്പ് കിട്ടിയെങ്കിലും ഗതാഗത മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്താന്‍ സാധിച്ചിട്ടില്ല.
തകര്‍ന്ന റോഡുകളും മറ്റും ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതു മൂലം ഹെലികോപ്റ്ററുകള്‍ വഴിയാണ് മിക്ക പ്രദേശത്തും ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചിലയിടങ്ങളില്‍ കോവര്‍ കഴുതകളെയും ഉപയോഗിക്കുന്നുണ്ട്.

 

 

Latest