Connect with us

Gulf

നാട്ടിക അബൂബക്കര്‍ ഹാജിയുടേത് സമര്‍പ്പിത ജീവിതം: കാന്തപുരം

Published

|

Last Updated

ദുബൈ: പ്രസ്ഥാനത്തിനും നേതാക്കള്‍ക്കുമായി സമര്‍പ്പിച്ച ജീവിതമായിരുന്നു നാട്ടിക അബൂബക്കര്‍ ഹാജിയുടേതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
ദുബൈ മുഹൈസിന എംബാമിംഗ് സെന്ററില്‍ അബൂബക്കര്‍ ഹാജിയുടെ മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വര്‍ഷത്തോളം പ്രസ്ഥാനത്തിന്റെയും മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അദ്ദേഹം ത്യാഗനിര്‍ഭരമായ സേവനമാണ് നിര്‍വഹിച്ചത്. പണ്ഡിതരോടും നേതാക്കളോടും അടുത്തിടപഴകുകയും ഏറ്റെടുക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിന് മെയ്മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തില്‍ നിന്ന് പുതുതലമുറക്ക് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിക അബൂബക്കര്‍ ഹാജിയുടെ വിയോഗം യു എ ഇയിലെ പ്രസ്ഥാന പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സ്‌നേഹ ജനങ്ങളും ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്യുകയും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്ത അദ്ദേഹം അജ്മാനില്‍ മകളുടെ അടുത്തേക്ക് കുടുംബ സമേതം എത്തിയതായിരുന്നു.
മരണം മുന്‍കൂട്ടി കണ്ടപോലെയായിരുന്നു അദ്ദേഹത്തിന്റെ കുറച്ചുനാളുകളായുള്ള പ്രവര്‍ത്തനമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സദാ പ്രാര്‍ഥനാ നിര്‍ഭരനായും ബന്ധുക്കള്‍ക്ക് വസ്വിയ്യത്തു നല്‍കിയുമാണ് റമസാന്റെ ദിനങ്ങള്‍ കഴിച്ചതെന്ന് അവര്‍ പറയുന്നു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കും മുമ്പ് യാത്രയയപ്പിനൊരുങ്ങിയ സഹപ്രവര്‍ത്തകരോട് ഞാന്‍ തിരിച്ചുവരുമെന്ന് അറിയിച്ചാണ് അദ്ദേഹം പോയിരുന്നത്. അന്ന് ബാക്കി വെച്ച യാത്രാമൊഴി ഇങ്ങനെയാവുമെന്ന് കരുതിയില്ലെന്ന് അവര്‍ പറയുന്നു. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട പണ്ഡിത നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് ദുബൈയില്‍ മയ്യിത്ത് പരിപാലനവും മറ്റും നടന്നത്.
പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, പി കെ ബാവ ദാരിമി, പി എസ് കെ മൊയ്തു ബാഖവി, താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, നസ്‌റുദ്ദീന്‍ ദാരിമി, കുഞ്ഞിമുഹമ്മദ് സഖാഫി തുടങ്ങി സമുന്നതരായ നേതാക്കള്‍ മയ്യിത്ത് നിസ്‌കാരത്തിനും പ്രാര്‍ഥനക്കും എത്തിയിരുന്നു. അബുദാബിയിലെയും യു എ ഇയുടെ വിവിധ ഭാഗങ്ങളിലെയും പ്രമുഖ പ്രാസ്ഥാനിക നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും മുഹൈസിനയിലും ആശുപത്രിയിലും എത്തിയിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോയി. ആര്‍ എസ് സി പ്രവര്‍ത്തകനായ മകന്‍ ശാഫിയും ബന്ധുക്കളും മയ്യിത്തിനെ അനുഗമിച്ചു.
എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി, ഐ സി എഫ് യൂ എ ഇ നാഷനല്‍ കമ്മിറ്റി, ആര്‍ എസ് സി, മര്‍കസ്, മമ്പഉല്‍ ഹുദാ കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു.
മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അഭ്യര്‍ഥിച്ചു.