അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരം നാളെ തുടങ്ങും

Posted on: July 15, 2013 8:38 pm | Last updated: July 15, 2013 at 8:38 pm

quran 2ദുബൈ:അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് നാളെ (ചൊവ്വ) തുടക്കമാവും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ദുബൈയിലെത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പ്രഭാഷണ പരമ്പര റമസാന്‍ ഒന്നിന് ആരംഭിച്ചിരുന്നു.

ഇത്തവണ 88 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഖുര്‍ആന്‍ പൂര്‍ണമായും അര്‍ഥമുള്‍ക്കൊണ്ട് മനഃപാഠമാക്കുകയും കൃത്യതയോടെ അവതരിപ്പിക്കുകയും വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മത്സരാര്‍ഥിയായിരിക്കും വിജയി. നിരവധി കടമ്പകള്‍ കടന്ന് വിജയിയാകുന്ന യുവ പണ്ഡിതന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും. എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്.
അറബി ഭാഷക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി, ഭാഷകളിലും വര്‍ഷംതോറും പ്രഭാഷണങ്ങള്‍ നടക്കാറുണ്ട്. ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഹാളിലാണ് വിദേശ ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ നടക്കുന്നത്. വിദേശികള്‍ക്കുള്ള പ്രഭാഷണങ്ങള്‍ 18ന് തുടങ്ങി 27ന് അവസാനിക്കും. രാത്രി 10.30ന് പ്രഭാഷണം തുടങ്ങും. ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം നല്‍കും. ലോകതലത്തില്‍ ഇസ്‌ലാം മതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന പുരസ്‌കാരമാണിത്. യൂസുഫ് അല്‍ ഖറദാവി, മക്ക മസ്ജിദുല്‍ ഹറം ഇമാം ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ്, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമൊക്കെ മുന്‍വര്‍ഷങ്ങളില്‍ ഇസ്‌ലാമിക വ്യക്തിത്വങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശപ്രകാരം 1997ലാണ് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍മത്സരത്തിന് തുടക്കംകുറിച്ചത്. ഇബ്രാഹിം ബൂമില്‍ഹയാണ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍.