കുറ്റിയാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം

Posted on: July 15, 2013 10:21 am | Last updated: July 15, 2013 at 10:21 am

കുറ്റിയാടി: ടൗണിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. സാംസ്‌കാരിക നിലയം ഗ്രൗണ്ട്, നിര്‍ദിഷ്ട പുതിയ ബസ് സ്റ്റാന്‍ഡ് , പഴയ ഗവ.ആശുപത്രി , മരുതോങ്കര റോഡിലെ സിറാജുല്‍ ഹുദാ പള്ളിപരിസരങ്ങളിലാണ് നായകള്‍ കൂട്ടത്തോടെ തമ്പടിക്കുന്നത്.
സ്‌കൂളിലും മദ്‌റസകളിലും പോകുന്ന കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, രാത്രിയില്‍ പള്ളിയിലേക്ക് പോകുന്നവരും മറ്റുമാണ് നായശല്യം കാരണം ദുരിതത്തിലായത്.
നായശല്യം വര്‍ധിച്ചതോടെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഫലപ്രാപ്തിയിലായിട്ടില്ല. ടൗണിലെ മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുവാന്‍ ശാസ്ത്രീയമായ പദ്ധതികളാവിഷ്‌കരിക്കാത്തതിനാല്‍ അറവുശാലകളില്‍ നിന്നും ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ കൂടുന്നതാണ് നായകള്‍ പെരുകാന്‍ കാരണമായി പറയപ്പെടുന്നത്.
പരിസരത്തെ വീടുകളിലും നായകളുടെ അക്രമഭീഷണിയുണ്ട്. കൂടാതെ വളര്‍ത്തുമൃഗങ്ങളും ഭീഷണി നേരിടുകയാണ്.