തോടിന്റെ സൈഡ് ഭിത്തി ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു

Posted on: July 15, 2013 10:20 am | Last updated: July 15, 2013 at 10:20 am

നാദാപുരം: തോട് നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് കയറി പാര്‍ശ്വഭിത്തി ഇടിയുന്നത് പരിസരവാസികളെ ആശങ്കയിലാക്കുന്നു. പുളിക്കൂല്‍ തോടിന്റെ പാട്ടത്തില്‍താഴകുനി ഭാഗത്താണ് റോഡും തോടും വേര്‍തിരിയാത്തവിധം ഭീഷണിയായത്.
പിഞ്ചുകുട്ടികളടക്കം സ്‌കൂളിലേക്ക് ഇതുവഴിയാണ് പോകുന്നത്. മൂവാഞ്ചേരി ഭാഗത്തെ നാദാപുരവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് സൈഡ് തകര്‍ന്നത്. ഇവിടെ ഏത് സമയത്തും അപകടം പതിയിരിക്കുകയാണ്. തൊട്ടടുത്ത വയലുകള്‍ സ്വകാര്യ വ്യക്തികള്‍ നികത്തി മതില്‍ കെട്ടിയതോടെ മഴക്കാലത്ത് തോട്ടിലെ വെള്ളം മുഴുവന്‍ റോഡിലേക്ക് കയറുകയാണ്. ഇതിനെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം ഒരു പ്രദേശത്തെ ടൗണുമായി ബന്ധിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്.
തോട്ടില്‍ വെള്ളം നിറയുമ്പോള്‍ നാട്ടുകാര്‍ കയര്‍ കെട്ടിയാണ് റോഡിനേയും തോടിനേയും വേര്‍തിരിക്കുന്നത്. വന്‍ദുരന്തം സംഭവിക്കുന്നതിന് മുമ്പേ സൈഡ് ഭിത്തികെട്ടി റോഡിനെ സംരക്ഷിക്കണമെന്നാണ് ആവശ്യം.