Connect with us

National

പുകവലി നിരോധിച്ചാല്‍ 90 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാമെന്ന് പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: രാജ്യത്ത് പുകവലി നിരോധിച്ചാല്‍ ഒരു പതിറ്റാണ്ടിനകം 90 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠന റിപ്പോര്‍ട്ട്. പുകവലി നിരോധനത്തിലൂടെയും പുകയിലയടങ്ങിയ വസ്തുക്കളുടെ നികുതി ഗണ്യമായി വര്‍ധിപ്പിക്കുന്നതിലൂടെയും ഹൃദ്രോഗങ്ങള്‍ വളരെയധികം കുറക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ മാഗസിനായ പ്ലോസ് മെഡിസിനില്‍ പറയുന്നു.
നിലവില്‍ പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരാള്‍ എന്ന നിലക്ക് പുകവലി ശീലിക്കുന്നുണ്ട്. പുകവലിമുക്തി ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്ക് പരിമിതമായ ധനസഹായമേ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നുള്ളൂ. വല്ലപ്പോഴുമേ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടാകുന്നുള്ളൂ. പുകയില സാധനങ്ങളുടെ നികുതിയും വളരെ തുച്ഛമാണ്. സിഗരറ്റിന് 38 ഉം ബീഡിക്ക് ഒമ്പതും ശതമാനമാണ് നികുതി. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് വിലയുടെ 70 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ്.
പുകവലി നിയന്ത്രണ പരിപാടികള്‍ കാര്യക്ഷമമാക്കുകയാണെങ്കില്‍ അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലും മറ്റ് വികസ്വര രാഷ്ട്രങ്ങളിലും ഹൃദ്രോഗ മരണങ്ങള്‍ കുറക്കാനാകുമെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സഞ്ജയ് ബസുവും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ പറയുന്നു. പുകവലി നിയന്ത്രണത്തിലൂടെ ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാനാകുമെന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പരിപാടികളിലൂടെയും ചില തെറാപ്പികളിലൂടെയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലൂടെയുള്ള മരണം 2013- 2022 കാലയളവില്‍ കുറക്കാനാകും.
പുകവലിമുക്ത നിയമം, പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ ചുരുങ്ങിയ ബോധവത്കരണം, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, പരസ്യ നിരോധം എന്നീ അഞ്ച് കര്‍മപരിപാടികളാണ് പുകവലി നിയന്ത്രണത്തിന് പഠനം മുന്നോട്ടുവെക്കുന്നത്.
ഇതില്‍ നിയമനിര്‍മാണവും നികുതി വര്‍ധിപ്പിക്കലുമാണ് ഏറ്റവും ഫലവത്തായത്. ഇതിലൂടെ 2022ഓടെ രാജ്യത്ത് ഹൃദയാഘാതത്തിലൂടെയുള്ള 90 ലക്ഷം മരണങ്ങള്‍ തടയാനാകും. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വ്യത്യസ്തമായി വലിയ ജനസംഖ്യയാണ് ഇന്ത്യയിലേത്. മാത്രമല്ല, ബീഡി പോലെ ആരോഗ്യത്തിന് അത്യന്തം ഹാനികരമായവയാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സര്‍വേ പരിപാടികളില്‍ വളരെ പ്രയാസമനുഭവപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Latest