Connect with us

International

ബ്രദര്‍ഹുഡിന്റെയും നേതാക്കളുടെയും സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കും

Published

|

Last Updated

കൈറോ: ഈജിപ്തില്‍ പ്രക്ഷോഭം നടത്തുന്ന ബ്രദര്‍ഹുഡിന്റെയും അതിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെയും നേതാക്കളുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. രാജ്യത്ത് രക്തരൂഷിതമായ വിപ്ലവത്തിന് ആസൂത്രണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. കൈറോയിലെ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ ആസ്ഥാനത്തും അന്നഹ്ദാ ചത്വരത്തിലും രൂക്ഷമായ പ്രക്ഷോഭം നടത്തിയത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് പ്രോസിക്യൂട്ടര്‍ കണ്ടെത്തി. ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇന്റെ സ്വത്തുക്കള്‍ അടിയന്തരമായി മരവിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മുര്‍സി അനുകൂല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ ബ്രദര്‍ഹുഡ് നേതാക്കളായ ഖൈറാത്ത് അശ്ശത്വര്‍, മുഹമ്മദ് ഇസ്സത്, മഹി ഇകെഫ്, സഈദ് അല്‍ കതാത്‌നി, ഇസ്സാം അല്‍ ഇറെയ്ന്‍, മുഹമ്മദ് അല്‍ ബല്‍താഗി തുടങ്ങിയവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറാത്താക്കിയ ശേഷം നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തന്നെയാണ് സൈന്യത്തിന്റെ നിര്‍ദേശം. എന്നാല്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും കോടതിയുടെയും സൈന്യത്തിന്റെയും നിയമവിരുദ്ധമായ നടപടിയെ ധീരമായി നേരിടുമെന്നും ബ്രദര്‍ഹുഡ് വക്താക്കളും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ എഫ് ജെ പിയുടെ നേതാക്കളും അറിയിച്ചു.

Latest