ട്രേഡ് സെന്റര്‍ പാലം ഈ വര്‍ഷം തുറക്കും

Posted on: July 14, 2013 10:57 pm | Last updated: July 14, 2013 at 10:57 pm

dubai world trade centreദുബൈ: വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം പാലം പണി 90 ശതമാനം പൂര്‍ത്തിയായതായി ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.
71.93 കോടി ദിര്‍ഹം ചെലവുചെയ്താണ് പാലം നിര്‍മിക്കുന്നത്. ഈ വര്‍ഷം നവംബറോടെ നിര്‍മാണം പൂര്‍ത്തിയാകും. ശൈഖ് സായിദ്, ശൈഖ് റാശിദ്, സബീല്‍ രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ദുബൈ-അല്‍ ഐന്‍ റോഡ് ഉപയോക്താക്കള്‍ക്കും ഇത് ഗുണം ചെയ്യും. പാലത്തിന്റെ അനുബന്ധ റോഡുകളിലും വികസനം നടത്തുന്നുണ്ട്. ജബല്‍ അലി വ്യവസായ കേന്ദ്രത്തിന്റെ വടക്കും പടിഞ്ഞാറും സമാന്തര റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. എക്‌സ്‌പോ റോഡിലേക്കുള്ള റോഡ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി.
ജബല്‍ അലി റെയ്‌സ് കോഴ്‌സ്, എമിറേറ്റ്‌സ് ഹില്‍സ്, സ്പ്രിംഗ്‌സ്, മീഡിസോ, ജുമൈറ ഐലന്റ് എന്നിവിടങ്ങളിലെ അനുബന്ധ റോഡുകള്‍ 2011 സെപ്തംബറില്‍ പൂര്‍ത്തിയാക്കിയെന്നും മത്താര്‍ അല്‍ തായര്‍ അറിയിച്ചു.
വേള്‍ഡ് ട്രേഡ് സെന്റര്‍ പാലം നിര്‍മാണം മത്താര്‍ അല്‍ തായറും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. റോഡ്‌സ് വിഭാഗം ഡയറക്ടര്‍ നബീല്‍ മുഹമ്മദ് സാലിഹ്, ട്രാഫിക് ഡയറക്ടര്‍ ഹുസൈന് അല്‍ ബന്ന, റോഡ്‌സ് മെയിന്റനന്‍സ് ഡയറക്ടര്‍ നസീം ഫൈസല്‍, പാര്‍ക്കിംഗ് ഡയറക്ടര്‍ ആദില്‍ അല്‍ മര്‍സൂകി എന്നിവരും സന്നിഹിതാരിയുരന്നു.
പ്രീകാസ്റ്റ് കോണ്‍ക്രീറ്റുകളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. 22 കോണ്‍ക്രീറ്റുകള്‍ ഉപയോഗിച്ചു. 4,250 മീറ്ററിലാണിത്. ഇരുഭാഗത്തേക്കും രണ്ടു വീതം വരികളുണ്ടാകും.