Connect with us

Kozhikode

ഉറൂബ് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: കെ സി ജോസഫ്

Published

|

Last Updated

കോഴിക്കോട്: ശതാബ്ദി വര്‍ഷത്തില്‍ ഉറൂബിന് അനുയോജ്യമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. എഴുത്തുകാരന്‍ ടി പി രാജീവിനെ ഇതിനായി ചുമതലപ്പെടുത്തും. ഉറൂബ് സാംസ്‌കാരിക സമിതി ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച ഉറൂബ് ഓര്‍മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലബാറിലെ സാമുദായിക മൈത്രി കൃതികളില്‍ കൊണ്ടുവന്ന എഴുത്തുകാരനാണ് ഉറൂബ്. ഔദ്യോഗിക പരിഗണനയൊന്നും ലഭിച്ചില്ലെങ്കിലും വായനക്കാരുടെ മനസ്സില്‍ നിന്നും ഉറൂബിനെ മായ്ക്കാനാകില്ലെന്ന് കെ സി ജോസഫ് പറഞ്ഞു.
ഉറൂബ് ജന്മശതാബ്ദി ലോഗോ പ്രകാശനം കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് മന്ത്രി കെ സി ജോസഫിന് നല്‍കി നിര്‍വഹിച്ചു. കാലമെത്ര പോയാലും പുനര്‍വായന വേണ്ട കൃതികളാണ് ഉറൂബിന്റേതെന്ന് കെ എ ഫ്രാന്‍സിസ് പറഞ്ഞു. വൈരുപ്യത്തില്‍ സൗന്ദര്യം കണ്ടെത്തിയ വ്യക്തിയാണ് ഉറൂബെന്ന് ടി പി രാജീവന്‍ പറഞ്ഞു.
ഉറൂബ് സാംസ്‌കാരിക സമിതി ചെയര്‍മാന്‍ വി ആര്‍ സുധീഷ് അധ്യക്ഷത വഹിച്ചു. ശ്രീകാന്ത് കോട്ടക്കല്‍, ആര്‍ മോഹനന്‍ പ്രസംഗിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ കെ പി വിജയകുമാര്‍ സ്വാഗതവും ശ്രീജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.