ഈ നോമ്പിന് പഴങ്ങളുടെ രുചി

    Posted on: July 14, 2013 8:48 am | Last updated: July 14, 2013 at 8:48 am

    ramzan storyകോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ രാവിലെ 9 മണിക്ക് തുടങ്ങും ലത്തീഫിന്റെ പഴക്കച്ചവടം. ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പ്ലംസ്, സബര്‍ജില്‍, മാമ്പഴം…. മുന്നിലെ കുട്ടകളില്‍ സ്വാദും രുചിയും മേളിച്ച പഴങ്ങളുടെ കൂമ്പാരം. ബസ്സ്റ്റാന്‍ഡിലേക്ക് കയറുന്നവരെയും ഇറങ്ങുന്നവരെയും മാവൂര്‍ റോഡിലൂടെ നടന്ന് പോകുന്നവരെയുമൊക്കെ ലത്തീഫ് കൈകൊട്ടി വിളിക്കുന്നുണ്ട്. മുന്‍ഭാഗത്ത് നിര്‍ത്തിയ പാളയം ഭാഗത്തേക്ക് പോകുന്ന ബസിലുള്ള യാത്രക്കാര്‍ക്കു നേരെയും ആപ്പിള്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. വൈകുന്നേരമാകുമ്പോഴേക്കും കുട്ട കാലിയാകണം. എന്നാലേ കുട്ടികള്‍ക്ക് അരി വാങ്ങാന്‍ പറ്റൂ. അതിനാണീ സര്‍ക്കസെന്ന് ലത്തീഫ്. 
    രാവിലെ 9 മണിക്ക് കച്ചവടം തുടങ്ങുമ്പോള്‍ ആപ്പിളിന് 120 രൂപയായിരുന്നു വില. അഞ്ച് മണി കഴിഞ്ഞതോടെ ഇരുപത് രൂപ കുറഞ്ഞ് 100 രൂപയായി. 40 രൂപയുണ്ടായിരുന്ന ഓറഞ്ചിന് 25 രൂപയുമായി. വില കുറച്ചത് വെറുതെയല്ല. മഗ്‌രിബ് ബാങ്കിന് സമയമായാല്‍ നോമ്പ് തുറക്കാന്‍ പള്ളിയിലെത്തണം. അതിന് മുമ്പ് കഴിയുന്നത്ര വിറ്റു പോകണം. മുന്നിലുള്ള കുട്ട കാലിയാകുന്നതിനനുസരിച്ചാണ് കീശയില്‍ ലാഭം നിറയുന്നത്.
    സാധാരണ രാവിലെ 9 മണിക്ക് കച്ചവടം തുടങ്ങിയാല്‍ രാത്രി വൈകിയും കച്ചവടം തുടരും. പഴങ്ങള്‍ തീരുന്നത് വരെ ചിലപ്പോള്‍ നീണ്ടെന്നു വരും. പക്ഷേ റമസാനില്‍ കച്ചവടത്തിന്റെ സമയക്രമം മാറിയിട്ടുണ്ട്. മഗ്‌രിബിന്റെ സമയമായാല്‍ കച്ചവടം നിര്‍ത്തും. പിന്നെ കുട്ടകള്‍ക്ക് മുകളിലൂടെ ടാര്‍പായ വലിച്ചു കെട്ടി പള്ളിയിലേക്ക് ഓടും. അതിനു മുമ്പ് പരമാവധി കച്ചവടം നടക്കാനാണ് വൈകുന്നേരത്തെ ഈ വില കുറച്ചുള്ള തന്ത്രം. തൊട്ടടുത്ത മര്‍കസ് കോംപ്ലക്‌സ് പള്ളിയിലാണ് ലത്തീഫിന്റെ നോമ്പ് തുറ. പിന്നെ നിസ്‌കാരം കഴിഞ്ഞ് രാത്രി വീട്ടിലെത്തും. സുബ്ഹി നിസ്‌കാരവും കഴിഞ്ഞ് അതിരാവിലെ തന്നെ പാളയം മാര്‍ക്കറ്റിലെത്തും. സുഹൃത്തുക്കളില്‍ നിന്നോ മറ്റോ പണം കടം വാങ്ങി പഴമെടുക്കും. വൈകുന്നേരം കച്ചവടം നിര്‍ത്തിയാല്‍ രാവിലെ കടം വാങ്ങിയ പണം തിരിച്ചു നല്‍കും.
    കോഴിക്കോട് തോപ്പയില്‍ നടുകുഴിപറമ്പ് സ്വദേശിയായ ലത്തീഫ് 16 വര്‍ഷമായി പുതിയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ കച്ചവടം തുടങ്ങിയിട്ട്. ഉപ്പയും ഉമ്മയും ഭാര്യയും കുട്ടികളുമായി കൂട്ടുകുടുംബത്തിന്റെ ഏക ആശ്രയമാണ് ലത്തീഫ്. റമസാനില്‍ പഴവിപണി സജീവമാകാറുണ്ടെങ്കിലും മഴക്കാലമായതിന്റെ ചെറിയ ക്ഷീണമുണ്ട്. സംസാരിക്കുമ്പോഴും മുന്നിലൂടെ നടക്കുന്നവരെയൊന്നും ലത്തീഫ് വെറുതെ വിടുന്നില്ല. സമയം അഞ്ച് മണി കഴിഞ്ഞു. ആപ്പിളും ഓറഞ്ചും പ്ലംസും ഇനിയും ബാക്കിയുണ്ട്. മഗ്‌രിബിന് സമയമാകുമ്പോഴേക്കും അതും കൂടി വിറ്റു തീര്‍ക്കണം.