മഅ്ദിന്‍ റമസാന്‍ പ്രാര്‍ഥനാ സംഗമം ആഗസ്റ്റ് നാലിന്

Posted on: July 14, 2013 8:27 am | Last updated: July 14, 2013 at 8:27 am

തിരുവനന്തപുരം: മലപ്പുറം മഅ്ദിനിലെ റമസാന്‍ പ്രാര്‍ഥനാ സംഗമം ആഗസ്റ്റ് നാലിന് സ്വലാത്ത് നഗറില്‍ നടക്കും. റമസാന്‍ 27ാം രാവിലാണ് ഈ ആത്മീയ കൂട്ടായ്മ. വിദ്യാഭ്യാസ-കാരുണ്യ മേഖലയില്‍ 28 സ്ഥാപന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയാണ് ഈ വേദിക്ക് ആതിഥ്യമരുളുന്നത്. സംഗമത്തിനായി മലപ്പുറം സ്വലാത്ത് നഗറില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അല്ലാഹുവിന്റെ കൃപയും കാരുണ്യവും പ്രതീക്ഷിച്ച് പ്രാര്‍ഥനാ മനസ്സോടെയെത്തുന്ന വിശ്വാസി ലക്ഷങ്ങളാണ് സംഗമത്തെ ശ്രദ്ധേയമാക്കുന്നത്. ഈ പുണ്യദിനത്തില്‍, ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുക്കും. മഅ്ദിന്‍ ചെയര്‍മാനും സുന്നിമാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനുമായ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഅ്ദിന്‍ ക്യാമ്പസില്‍ എല്ലാമാസവും സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ പരിപാടിയുടെ വാര്‍ഷികവേദി കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നടത്തും.
ഇസ്‌ലാമിന്റെ സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്നതാണ് സ്വലാത്ത് നഗറിലെ ഇഫ്താര്‍ സംഗമം. രാത്രി ഒമ്പത് മണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ഥന, പുണ്യപുരുഷന്മാരെയും മഹത്തുക്കളെയും സ്മരിക്കുന്ന സ്‌തോത്രങ്ങള്‍, സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.
ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്ക് എറണകുളം അമൃത ആശുപത്രിയുടെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ് എന്നിവ നഗരിയില്‍ ക്യാമ്പ് ചെയ്യും. 5555 അംഗ വളണ്ടിയര്‍ കോറിന്റെ സേവനവുമുണ്ടാകും.
25 സ്ഥാപനങ്ങളിലായി 13,500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഅ്ദിന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും മലേഷ്യയിലെ പ്രശസ്തമായ അന്താരാഷ്ട്ര ഇസ്‌ലാമിക് വാഴ്‌സിറ്റിയുടെ അക്കാദമിക് സഹകരണവും നേടിയിട്ടുണ്ട്. എ സൈഫുദ്ദീന്‍ ഹാജി, നേമം സിദ്ദീഖ് സഖാഫി, സൈനുദ്ദീന്‍ കുന്ദമംഗലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രാര്‍ഥനാസമ്മേളനം സംബന്ധിച്ച വിവരങ്ങള്‍ക്ക് സ്വലാത്ത് നഗറിലെ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുക. ഫോണ്‍: 9633 158822, 9605 719284, 9946 623412