Connect with us

Editorial

ചോരുന്ന അന്തഃസത്ത

Published

|

Last Updated

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന്റെ ചുടുകാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. മുന്നണികളെ നയിക്കുന്ന മുഖ്യകക്ഷികളെല്ലാം അവയുടെ മുന്നണിസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള തിരക്കിലാണ്. അതിനിടയില്‍ ഉന്നത നേതാക്കളുടെ മണ്ഡലങ്ങള്‍ക്ക് കോടികളുടെ പുതിയ വികസന പദ്ധതികള്‍ ലോഭമില്ലാതെ പ്രഖ്യാപിക്കുന്നു. വ്യവസായ സംരംഭങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഭരണനേട്ടങ്ങള്‍ അക്കമിട്ട് നിരത്തി സമ്മതിദായകരുടെ പിന്തുണ ആര്‍ജിക്കാന്‍ മുന്നിട്ടിറങ്ങാന്‍ ഭരണത്തിലിരിക്കുന്ന ഒരു കക്ഷിക്കും തന്റേടമില്ലാത്ത അവസ്ഥയാണ് നാട്ടില്‍. ദേശീയ കക്ഷികളേക്കാള്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രാദേശിക, മേഖലാ കക്ഷികള്‍ ധാരാളമുണ്ട്. ഇവക്ക് സ്വന്തം സംസ്ഥാനത്തോ മേഖലയിലോ മാത്രമേ താത്പര്യമുള്ളു. ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബി എസ് പി, ബീഹാറിലെ ജെ ഡി യു, ആര്‍ ജെ ഡി, ഒഡീഷയിലെ ബി ജെ ഡി, പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, പഞ്ചാബിലെ ശിരോമണി അകാലി ദള്‍, തമിഴ്‌നാട്ടില്‍ മാറിമാറി അധികാരത്തിലേറുന്ന എ ഐ എ ഡി എം കെ, ഡി എം കെ, ഝാര്‍ഖണ്ഡിലെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ കക്ഷികള്‍ ഉദാഹരണമാണ്. മുഖ്യ കക്ഷികളായ കോണ്‍ഗ്രസിനോടോ, ബി ജെ പിയോടോ ചേര്‍ന്ന് മുന്നണിസംവിധാനം രൂപപ്പെടുത്തുമ്പോള്‍ ഈ കക്ഷികള്‍ക്ക് ദേശീയ ശ്രദ്ധ കൈവരുമെങ്കിലും അവയുടെ ഊന്നല്‍ പ്രാദേശിക മേധാവിത്വം കൈവിടാതെ സൂക്ഷിക്കാന്‍ തന്നെയാണ്. ഇവര്‍ക്ക് ദേശീയ മുഖ്യധാരാ കാഴ്ചപ്പാട് ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. ഇത് ദേശീയ തന്തുക്കള്‍ ദുര്‍ബലമാക്കുന്നതായും പരാതിയുണ്ട്. തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് പകരം ഇവയെ പലപ്പോഴും നയിക്കുന്നത് അവസരവാദ നിലപാടുകളാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തെ (എഫ് ഡി ഐ) നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും. പക്ഷേ, ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് പാര്‍ലിമെന്റില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായില്ല. കേന്ദ്രഭരണ കക്ഷിയുടെ തണലില്‍ (കോണ്‍ഗ്രസ് ആയാലും ബി ജെ പിയായാലും) തന്‍കാര്യം നേടുന്നതില്‍ മാത്രമാണ് ഈ കക്ഷികള്‍ക്ക് താത്പര്യം. ഝാര്‍ഖണ്ഡില്‍ നിന്നും പരമാവധി ലോക്‌സഭാ സീറ്റുകള്‍ നേടിയെടുക്കാന്‍ ജെ എം എമ്മിന് സംസ്ഥാന ഭരണ നേതൃത്വം വെച്ചു നീട്ടാന്‍ കോണ്‍ഗ്രസിന് തടസ്സമുണ്ടായില്ല. ശ്രീലങ്കന്‍ തമിഴ് വംശജരുടെ പ്രശ്‌നങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സഹായകമല്ലാത്ത നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്രത്തില്‍ യു പി എക്കുള്ള പിന്തുണ പിന്‍വലിച്ച ഡി എം കെയുമായി രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്, യു പി എ വിടാന്‍ പറഞ്ഞ സാഹചര്യങ്ങള്‍ മാറിയതു കൊണ്ടല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പരമാവധി സീറ്റുകള്‍ കൈയടക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് കോണ്‍ഗ്രസിലെ അഞ്ച് എ എല്‍ എമാരുടെകൂടി പിന്തുണയോടെ ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകള്‍ കനിമൊഴിക്ക് രാജ്യസഭയില്‍ രണ്ടാമൂഴം ലഭിച്ചു. രാജ്യത്ത് പൊതുവെ ദുര്‍ബലമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും പ്രാദേശിക കക്ഷികളെ പ്രീണിപ്പിക്കുന്നതില്‍ ആര്‍ക്കും പിന്നിലായിരുന്നില്ല. എന്നാല്‍, നയനിലപാടുകളില്‍ അവര്‍ ദേശീയ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നു.
പട്ടിണിപ്പാവങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുപരി, ബിസിനസ് താത്പര്യങ്ങളും വിദേശമൂലധനവും ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും താത്പര്യം. അതിനൊപ്പം വര്‍ഗീയതക്ക് ആക്കം കൂട്ടുന്ന മുദ്രാവാക്യങ്ങള്‍ നരേന്ദ്ര മോഡിയെ പോലുള്ളവര്‍ മുന്‍വെക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും പൊടിതട്ടിയെടുക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിച്ച് എടുത്തണിയാന്‍ അവസരം പാര്‍ത്ത് നടക്കുന്ന ബി ജെ പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി, 2002ലെ വംശഹത്യ സംബന്ധിച്ച് നടത്തിയ പ്രസ്താവന ആ പാര്‍ട്ടിയിലെ “ദേശീയ നേതാക്കളു”ടെ മനോനില വ്യക്തമാക്കുന്നതാണ്. കലാപകാലത്ത് ചെയ്തതെല്ലാം ശരിയെന്ന് ഊറ്റം കൊള്ളുന്ന മോഡി ആയിരങ്ങള്‍ കശാപ്പ് ചെയ്യപ്പെട്ടതിനോട് “കാറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു പട്ടിക്കുട്ടി അതിനടിയില്‍ പെട്ടാല്‍ നമുക്ക് സങ്കടമുണ്ടാകില്ലേ” -എന്നാണ് പ്രതികരിച്ചത്.
ഒരു കാലത്ത് രാഷ്ട്ര മനഃസാക്ഷി ഉള്ളുതുറന്ന് സ്വീകരിച്ചിരുന്ന പാവങ്ങളോട് ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങള്‍, കര്‍ഷക താത്പര്യങ്ങളുടെ സംരക്ഷണം, പൊതുമേഖലയുടെ വികസനം, മതനിരപേക്ഷത, സാമൂഹിക നീതി, സ്വതന്ത്ര വിദേശനയം തുടങ്ങിയ അടിസ്ഥാന നയസമീപനങ്ങള്‍ നമുക്ക് അന്യം വരികയാണ്. അഴിമതി സാര്‍വത്രികമായിരിക്കുന്നു. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചുവെന്ന് നാം ഉദ്‌ഘോഷിക്കുന്ന ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം സങ്കടകരമാണ്.