Connect with us

International

ലോകത്തിന്റെ നെറുകയില്‍ മലാലക്ക് 16ാം പിറന്നാള്‍

Published

|

Last Updated

യു എന്‍: മരണക്കിടക്കയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല യൂസുഫ്‌സായിയുടെ ശ്രദ്ധേയമായ വാക്കുകള്‍ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു ലോക മാധ്യമങ്ങള്‍. പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലാലാ യൂസുഫ്‌സായി ഇന്നലെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും മറ്റും പ്രവര്‍ത്തിച്ച മലാലാ യൂസുഫ്‌സായി ഇതാദ്യമായാണ് യു എന്നില്‍ സംസാരിക്കുന്നത്. മലാലയുടെ 16ാം ജന്മദിനം വാഷിംഗ്ടണിലെ യു എന്‍ ആസ്ഥാനത്ത് വെച്ച് ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ ആഘോഷിക്കുകയും ചെയ്തു. മലാലക്ക് ജന്‍മദിന ആശംസകള്‍ നല്‍കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും നേതാക്കളും എത്തി.
മലാലയുടെ പ്രസംഗം ശ്രവിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥി പ്രതിനിധികളും യു എന്നിലെത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ സ്വാത് താഴ്‌വാരത്തിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റതോടെ ചികിത്സയിലായിരുന്നു മലാല. കഴുത്തിനും തലക്കും വെടിയുണ്ടകള്‍ തറച്ച മലാല ബ്രിട്ടനിലെ ബ്രിമിംഗ്ഹാം ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് ആഗോള തലത്തില്‍ നിയമം കൊണ്ടുവരണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ള ലോക നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മലാല ആവശ്യപ്പെട്ടു. “പുസ്തകങ്ങളും പേനയുമാണ് കുട്ടികളുടെ ശക്തി. ഏറ്റവും ശക്തിയേറിയ ആയുധവും അതാണ്. ഒരു വിദ്യാര്‍ഥി, അധ്യാപകന്‍, പേന, പുസ്തകം ഈ ആയുധങ്ങള്‍ക്ക് ലോകക്രമത്തെ മാറ്റാന്‍ സാധിക്കും. വിദ്യാഭ്യാസമാണ് എല്ലാത്തിനുമുള്ള പരിഹാരം.” മലാല പറഞ്ഞു. തന്നെയും തന്റെ സ്‌നേഹിതിമാരെയും ആക്രമിച്ച താലിബാനെതിരെയും ശക്തമായ പരാമര്‍ശമാണ് മലാല യു എന്നില്‍ നടത്തിയത്.
“വെടിയുണ്ടക്കൊണ്ട് തന്നെയും തന്റെ ആശയത്തെയും ഇല്ലാതെയാക്കാനാകുമെന്നാണ് അവര്‍ (താലിബാന്‍ അക്രമികള്‍) കരുതിയത്. എന്നാല്‍ അവര്‍ പരാജയപ്പെട്ടു. എന്നെ അക്രമിച്ചവരെ ഞാന്‍ ഒരിക്കലും വെറുക്കുകയില്ല. എന്റെ മുമ്പില്‍ അവര്‍ നിരായുധരായി നില്‍ക്കുകയും എന്റെ കൈയില്‍ തോക്ക് ഉണ്ടാകുകയും ചെയ്താല്‍ പോലും ഞാന്‍ അവരെ വെടിവെക്കില്ല. ഭയയും നിസ്സഹായതയും മരിച്ചു. ധൈര്യവും ശക്തിയും ജനിച്ചു. ” മലാലയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ലോക നേതാക്കള്‍ ഏറ്റെടുത്തത്.
ലോകത്ത് വിദ്യാഭ്യാസം ലഭിക്കാത്ത 5.7 കോടിയിലധികം വരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ബാലവേല, ശൈശവ വിവാഹം എന്നിവക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. മലാല ലോകത്തിന്റെ തന്നെ ധീരയായ പെണ്‍കുട്ടിയാണെന്നും വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന മലാലയുടെ ആവശ്യം പരിഗണിക്കുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. ഈ ദിനം മലാല ദിനമായി ആചരിക്കണമെന്ന് യു എന്നിലെ ആഗോള വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പ്രതിനിധിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഗോര്‍ഡന്‍ ബ്രൗണ്‍ പറഞ്ഞു.

Latest