മഞ്ചേരി മെഡിക്കല്‍ കോളജില്‍ 26 പേരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്‌

Posted on: July 13, 2013 2:12 am | Last updated: July 13, 2013 at 2:12 am

108 തസ്തികളാണ് ഈ വര്‍ഷം സൃഷ്ടിച്ചത്. അധ്യാപക തസ്തികകളിലേക്ക് നിയനം ലഭിച്ചവര്‍ മാതൃ സ്ഥാപനങ്ങളില്‍ നിന്ന് വിടുതല്‍ വാങ്ങി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചാര്‍ജ്ജെടുക്കുന്നുണ്ട്. നിയമനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കും.
പഴയ ഡി എം ഒ ഓഫീസിനു തൊട്ടടുത്ത് നിര്‍മിക്കുന്ന പുതിയ അക്കാദമിക കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഈ മാസം അവസാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. അഞ്ചു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് 13.82 കോടിയാണ് വകയിരുത്തിയത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ അനുബന്ധമായി നിര്‍മിക്കുന്ന എട്ട് കെട്ടിടങ്ങളുടെയും രൂപരേഖ തയ്യാറായി കഴിഞ്ഞു.
മൊത്തം 22 കോടിയുടെ നിര്‍മാണ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഈ മാസം 20നാണ് സംസ്ഥാന മെഡിക്കല്‍ അലോട്ട്‌മെന്റ് ആരംഭിക്കുന്നത്. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് തിരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ ഓപ്ഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ എം സി ഐയുടെ അനുമതിപത്രം സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. അഖിലേന്ത്യ എന്‍ട്രന്‍സ് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷം തന്നെ മഞ്ചേരിയില്‍ സീറ്റ് അനുവദിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുന്നു. പൂര്‍ണ സജ്ജമായ മെഡിക്കല്‍ കോളജുകളിലാണ് അഖിലേന്ത്യ എന്‍ട്രന്‍സില്‍ പെട്ടവര്‍ക്ക് സീറ്റുകള്‍ നല്‍കാറ്. സ്വകാര്യമെഡിക്കല്‍ കോളജുകളേക്കാളും മികച്ച സൗകര്യങ്ങള്‍ മഞ്ചേരിയില്‍ ഉണ്ടെന്നാണ് എംസിഐ വിലയിരുത്തല്‍.
അടുത്ത മാസം ആദ്യവാരത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുക. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ 41 ലക്ഷം ജനങ്ങള്‍ക്ക് പുറമേ പാലക്കാട് ജില്ലയിലുള്ള അലനല്ലൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍ ഉള്ളവര്‍ക്കും, നിലമ്പൂരിനോട് ചേര്‍ന്ന് കിടക്കുന്നതും പതിനായിരക്കണക്കിന് സാധാരണക്കാരായ മലയാളി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗൂഡല്ലൂരിലെയും രോഗികള്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന ആതുരാലയമായി മാറും. സംസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജിന് എം സിഐ അംഗീകാരം ലഭിക്കുന്നത്.