കുഴല്‍മന്ദം പഞ്ചായത്തില്‍ 4.40 കോടിയുടെ വികസന പദ്ധതികള്‍

Posted on: July 13, 2013 1:52 am | Last updated: July 13, 2013 at 1:52 am

പാലക്കാട്: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ 4,39,90,460 രൂപയുടെ 132 വികസന പദ്ധതികള്‍ക്ക് ഡി പി സി അംഗീകാരമായി.
ഉത്പാദന മേഖലയില്‍ 64,68,450 രൂപയുടേയും, സേവന മേഖലയില്‍ 1,60,80,545 രൂപയുടേയും പശ്ചാത്തല മേഖലയില്‍ 1,20,73,435 രൂപയുടേയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് പി വി ഷിനി പറഞ്ഞു. പട്ടികജാതി വികസനത്തിനായി അനുവദിച്ച ഫണ്ടില്‍ നിന്ന് 57,46,030 രൂപ സേവന മേഖലയിലും 34,59,000 രൂപ പശ്ചാത്തല വികസനത്തിനും വിനിയോഗിക്കും. പൊതുവിഭാഗത്തില്‍ മൊത്തം 3,46,22,430 രൂപയുടെ പദ്ധതികളും പട്ടികജാതി വിഭാഗത്തില്‍ 92,05,030 രൂപയുടെ പദ്ധതികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 1,63,000 രൂപയുടെ പദ്ധതികളും നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി, നെല്‍കൃഷിക്ക് ഉഴവുകൂലി, ചന്തയില്‍ പഞ്ചായത്ത് വക കെട്ടിട നിര്‍മ്മാണം, ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങിയവക്കാണ് ഉത്പാദന മേഖലയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. സേവന മേഖലയില്‍ ഭവന നിര്‍മ്മാണം, മേല്‍പ്പുരയുടെ അറ്റകുറ്റപ്പണികള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, കുടിവെളള പദ്ധതികള്‍, ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം എന്നിവയ്ക്കും പശ്ചാത്തല വികസനത്തില്‍ റോഡ് നിര്‍മ്മാണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കുമാണ് മുന്‍ഗണന. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി നീക്കിവെച്ച ഫണ്ടില്‍ നിന്ന് കുടിവെളള പദ്ധതികള്‍ക്കും, റോഡ് നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കിയാണ് പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.