ഇതാ…ഗ്രേറ്റ് ഫിനിഷര്‍

Posted on: July 13, 2013 1:02 am | Last updated: July 13, 2013 at 1:11 am
dhoni....
ശ്രീലങ്കക്കെതിരെ ധോണിയുടെ വിജയ സിക്‌സര്‍

 

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഗ്രേറ്റ് ഫിനിഷര്‍ എന്ന വിശേഷണം മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തം. പലവട്ടം, അവസാന ഓവറുകളില്‍ മത്സരം തന്റെ കൈക്കരുത്തില്‍ വരുതിയിലാക്കിയ ധോണി ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലും അതാവര്‍ത്തിച്ചിരിക്കുന്നു.
എറാംഗ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് പതിനഞ്ച് റണ്‍സായിരുന്നു വിജയലക്ഷ്യം. ആദ്യ പന്ത് നഷ്ടപ്പെടുത്തിയ ധോണി രണ്ടാം പന്ത് സിക്‌സര്‍, മൂന്നാം പന്ത് ഫോര്‍, നാലാം പന്ത് സിക്‌സര്‍ എന്നിങ്ങനെ തകര്‍ത്താടി. ലങ്കയുടെ കിരീടസ്വപ്നങ്ങള്‍ അവിടെ പൊലിഞ്ഞു. 2011 ലോകകപ്പിലും ഇതായിരുന്നു സ്ഥിതി. വാംഖഡെയില്‍ ധോണി പത്ത് പന്തുകള്‍ ശേഷിക്കെ നേടിയ സിക്‌സര്‍ ഇന്ത്യക്ക് രണ്ടാം ലോകകിരീടം കൊണ്ടുവന്നു. അന്നും ലങ്കയായിരുന്നു ധോണിയുടെ സിക്‌സറിന്റെ ചൂടറിഞ്ഞത്.
ധോണിയെ പോലൊരു ഫിനിഷറെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത് ഈ സാഹചര്യത്തിലാണ്. ട്വന്റി-20, അമ്പതോവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എത്ര ആവേശത്തോടെയാണ് മത്സരം സ്വന്തം നിലക്ക് നേടിയെടുക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കുതിപ്പിന് പിറകില്‍ ധോണിയുടെ മാച്ച് വിന്നിംഗ്, ഗ്രേറ്റ് ഫിനിഷിംഗ് പ്രകടനങ്ങളാണ്.
2005 ല്‍ ധോണി ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചത് 145 പന്തില്‍ പുറത്താകാതെ 183 റണ്‍സടിച്ചാണ്. മൂന്നാം നമ്പറിലായിരുന്നു ധോണി ഇറങ്ങിയത്. അന്ന് പത്ത് സിക്‌സറും പതിനഞ്ച് ഫോറുകളും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ലങ്ക മുന്നോട്ട് വെച്ച 299 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നത് ധോണിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിലായിരുന്നു. ചാമിന്ദ വാസും മുത്തയ്യമുരളീധരനും ധോണിക്ക് മുന്നില്‍ തലകുനിച്ചു.
മാസങ്ങള്‍ക്ക് ശേഷം വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെയാണ് ധോണിയുടെ മറ്റൊരു പ്രകടനം. 123 പന്തില്‍ 148. ഒമ്പത് വിക്കറ്റിന് 356 റണ്‍സ് നേടി ഇന്ത്യ പാക് ലക്ഷ്യം കടന്നു. ഇതൊരു വിസ്മയ ജയമാണ്. ധോണി ടീമിലെ സ്ഥിരം സാന്നിധ്യമാകുന്നത് ഈ പ്രകടനത്തോടെയാണ്. 2006 ല്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ പുറത്താകാതെ നേടിയ എഴുപത് റണ്‍സ് പ്രകടനം ഇന്ത്യക്ക് 4-1ന് പരമ്പര നേടുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
ബംഗ്ലാദേശിനെതിരെ 2007ല്‍ 91 നോട്ടൗട്ട്, 2010 ല്‍ 101 നോട്ടൗട്ട് എന്നിവയും ധോണിയിലെ പോരാളിയെ കാണിച്ചു തന്നു. 2011 ഏപ്രില്‍ രണ്ടിന് ലോകകപ്പ് ഫൈനലില്‍ ലങ്കക്കെതിരെ 91 നോട്ടൗട്ടാണ് ധോണിയുടെ പ്രശസ്തമായ ഗ്രേറ്റ് ഫിനിഷ്.
226 ഏകദിനങ്ങളില്‍ 7300 റണ്‍സിലേറെ ധോണി നേടി. എട്ട് സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ഓരോ നാല് ഇന്നിംഗ്‌സിനുമിടെ ഒരു നോട്ടൗട്ട് പ്രകടനം ധോണിക്കുണ്ടാകും. ഇതു തന്നെയാണ്, അദ്ദേഹത്തെ ഏകദിനത്തിലെ ഗ്രേറ്റ് ഫിനിഷറാക്കുന്നത്.
ധോണി വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണെന്ന് സഹതാരം രോഹിത് ശര്‍മ പറഞ്ഞത് വെറുതെയല്ല. ലക്ഷ്യത്തോട് ധോണിയടുക്കുന്നത് വിസ്മയ കാഴ്ച തന്നെ.