Connect with us

Editorial

നിയമങ്ങള്‍ പോരാ, ഇച്ഛാശക്തിയും വേണം

Published

|

Last Updated

കൃഷിഭൂമി സംരക്ഷണത്തിനും കാര്‍ഷികോത്പാദന വര്‍ധനവിനും നിരവധി നിര്‍ദേശങ്ങളടങ്ങുന്നതാണ് മുന്‍ എം എല്‍ എ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതി ഇന്നലെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കരട് കാര്‍ഷിക നയം. അരി കിലോക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തുകയും അതുവഴി ലഭിക്കുന്ന തുക കര്‍ഷകര്‍ക്ക് അവകാശ ലാഭമായി നല്‍കി കാര്‍ഷികോത്പാദനം പ്രോത്സാഹിപ്പിക്കുകയും വേണമെന്നതാണ് കരട് നയത്തില്‍ ശ്രദ്ധേയമായ ഒരു നിര്‍ദേശം. സംസ്ഥാനത്ത് പ്രതിവര്‍ഷം നാല്‍പത് ലക്ഷം ടണ്‍ അരി വിപണിയില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ചു 350 കോടി രൂപ മുതല്‍ 400 കോടി വരെ സെസ് വഴി സംഭരിക്കാനാകും. ഒരു സീസണില്‍ മൂന്ന് ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് അഞ്ച് രൂപ നിരക്കില്‍ 1500 രൂപ അവകാശ ലാഭം നല്‍കാനാണ് ശിപാര്‍ശ. മൂന്ന് സീസണിലും കൃഷി ചെയ്യുന്നവര്‍ക്ക് 4500 രൂപ സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നതിനാല്‍ അവര്‍ കാര്‍ഷിക വൃത്തിയില്‍ ഉറച്ചു നില്‍ക്കുകയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഓരോ സീസണിലും 20 ദിവസമെങ്കിലും നെല്‍ കൃഷിയിലോ, അനുബന്ധ ജോലിയിലോ ഏര്‍പ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രത്യേക ധനസഹായം, കാര്‍ഷിക ധാന്യങ്ങളുടെ വില നിര്‍ണയത്തിന് അതോറിറ്റി രൂപവത്കരണം, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ഷകരുടെ പ്രശ്‌നം പഠിച്ചു പരിഹാരം കാണാന്‍ പഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥ ഉപസമിതി എന്നിങ്ങനെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് സഹായകമായ മുന്നൂറിലെറെ നിര്‍ദേശങ്ങളുണ്ട് കരട് നയത്തില്‍.
ഭീമമായ ഉത്പാദനച്ചെലവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കാരണം കൃഷി ആദായകരമല്ലാത്ത ഏര്‍പ്പാടായി മാറുകയും കാര്‍ഷിക മേഖലയില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞുപോക്ക് ശക്തമാകുകയും കൃഷിഭൂമിയുടെ അളവ് ദിനംതോറും കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ കാര്‍ഷിക നയത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു കാലത്ത് ഉപജീവനത്തിന് ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്ന കാര്‍ഷിക മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് 20 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ്. 2001ല്‍ മൊത്തം ജനസംഖ്യയുടെ 15.8 ശതമാനം കാര്‍ഷിക തൊഴിലാ ളികളായിരുന്നതെങ്കില്‍ പുതിയ സെന്‍സസ് പ്രകാരം അത് 11.4 ശതമാനമായി കുറഞ്ഞു. നാല്‍പ്പത് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ഒമ്പത് ലക്ഷം ഹെക്ടറില്‍ നെല്‍ കൃഷി നടന്നിരുന്നെങ്കില്‍ ഇന്ന് രണ്ട് ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. കേരളീയര്‍ക്ക് പ്രതിവര്‍ഷം ആവശ്യമായ 40 ലക്ഷം ടണ്‍ അരിയില്‍ 16ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും കനിഞ്ഞില്ലെങ്കില്‍ നമ്മുടെ അന്നം മുട്ടിയത് തന്നെ. 1990-91ല്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 26.9 ശതമാനമായിരുന്നു. ഇന്ന് 9.1 ശതമാനം മാത്രം.
നെല്‍വയലുകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, കൃഷിഭൂമി കര്‍ഷകരല്ലാത്തവര്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുക, ട്രസ്റ്റുകളും സംഘടനകളും വാങ്ങുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുക തുടങ്ങി കൃഷിഭൂമിയുടെ സംരക്ഷണത്തിന് കരട് രേഖ ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ അപര്യാപ്തത കൊണ്ടായിരുന്നില്ലല്ലോ കഴിഞ്ഞ കാലങ്ങളില്‍ നെല്‍പ്പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയതും തത്സ്ഥാനത്ത് വ്യവസായങ്ങളും ഫഌറ്റുകളും വീടുകളും ഉയര്‍ന്നു വന്നതും. നെല്‍വയലുകളുടെയും തണ്ണീര്‍ തടങ്ങളുടെയും സംരക്ഷണത്തിന് നിലവില്‍ തന്നെ കര്‍ക്കശ നിയമങ്ങളുണ്ട്. ഏറ്റവുമൊടുവില്‍ 2008ല്‍ നിയമസഭ ഇത്തരമൊരു നിയമം പാസ്സാക്കിയിരുന്നു. പക്ഷേ, പാവപ്പെട്ടവന്‍ വീട് നിര്‍മാണത്തിനായി അഞ്ച് സെന്റ് നികത്തുമ്പോള്‍ കഴുത്തിന് പിടിക്കുന്ന നിയമവും ഭരണകൂടവും വ്യവസായികളും ഫഌറ്റ് നിര്‍മാതാക്കളും ഏക്കര്‍ കണക്കിന് കൃഷിഭൂമി നികത്തുമ്പോള്‍ കണ്ണടക്കുന്നുവെന്ന് മാത്രം. മാത്രമല്ല, ലംഘനത്തിന് പഴുതുകള്‍ വെച്ചുകൊണ്ടാണ് നിയമങ്ങളോരോന്നും ആവിഷ്‌കൃതമാകുന്നതും. നെടുമ്പാശ്ശേരി വിമാനത്താവളം, സംസ്‌കൃത സര്‍വകലാശാല തുടങ്ങി നിരവധി സര്‍ക്കാര്‍ സംരഭങ്ങള്‍ ഉയര്‍ന്നു വന്നത് വയല്‍ നികത്തിയായിരുന്നു. ആറന്മുള വിമാനത്താവളത്തിന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്തിന്റെ സിംഹഭാഗവും കൃഷിഭൂമിയാണ്. ഇത്തരം ലംഘനങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ വികസന വിരോധിയായി മുദ്ര കുത്തി മൂലക്കിരുത്തുകയും ചെയ്യും. സംസ്‌കൃത സര്‍വകലാശാലാ നിര്‍മാണത്തിനായി മുപ്പൂല്‍ കൃഷി ചെയ്യുന്ന ഭൂമി നികത്തുന്നതിനെ അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചപ്പോള്‍, സംസ്‌കൃത വിരോധിയായി മുദ്രയടിച്ചാണ് അധികൃതര്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. നിയമങ്ങള്‍ മുഖം നോക്കാതെ നടപ്പാക്കുന്നതിനുള്ള അധികൃതരുടെ കര്‍ത്തവ്യബോധവും ഇച്ഛാശക്തിയുമാണ് പുതിയ നയങ്ങളേക്കാളും നിയമങ്ങളേക്കാളും നാടിനും ജനങ്ങള്‍ക്കും ഇന്നാവശ്യം.

Latest