ധോണി കസറി: ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

Posted on: July 12, 2013 8:10 am | Last updated: July 12, 2013 at 8:23 am

cricketപോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഒരു വിക്കറ്റ് വിജയം. അവസാന ഓവറില്‍ ക്യാപ്ടന്‍ എം.എസ്.ധോണി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ശ്രീലങ്കയുടെ 202 റണ്‍സ് രണ്ടു പന്തുകള്‍ ശേഷിക്കേ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 45 റണ്‍സോടെ ധോണിയും രണ്ടു റണ്‍സോടെ ഇഷാന്ത് ശര്‍മ്മയും പുറത്താകാതെ നിന്നു.

ആവേശം നിറഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് കിരീടത്തിനായി വേണ്ടത് 15 റണ്‍സ്. ഷാമിന്ത എറങ്ക എറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ കൂറ്റന്‍ സിക്‌സര്‍ നേടിയ ധോണി മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സും നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു. ധോണി-ഇഷാന്ത് ശര്‍മ്മ സഖ്യം അവസാന വിക്കറ്റില്‍ 21 റണ്‍സ് നേടി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രോഹിത് ശര്‍മ്മ നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 89 പന്ത് നേരിട്ട രോഹിത് അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 58 റണ്‍സ് നേടി. സുരേഷ് റെയ്‌ന 32, ദിനേശ് കാര്‍ത്തിക്ക് 23 എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ലങ്കയ്ക്ക് വേണ്ടി രങ്കന ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 48.5 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെയും (71) തിരിമന്നെയുടെയും (46) ഇന്നിംഗ്‌സുകളാണ് ലങ്കയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. മൂന്നിന് 171 നിലയില്‍ നിന്നാണ് ലങ്കയെ ഇന്ത്യ 201 റണ്‍സിനു പുറത്താക്കിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാണിച്ചതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ലങ്കന്‍ സ്വപ്നം പൊലിഞ്ഞു. 100 പന്തില്‍ നിന്നാണ് സംഗക്കാര 71 റണ്‍സ് നേടിയത്. 72 പന്തില്‍ നിന്നായിരുന്നു തിരിമന്നെയുടെ 46 റണ്‍സ് പ്രകടനം.

ഇന്ത്യയ്ക്ക് വേണ്ടി ജഡേജ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, ആര്‍.അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ സീരീസ്്്.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്