ബീഹാറില്‍ ഉദ്യോഗസ്ഥന്‍ ഭാര്യക്ക് സമ്മാനിച്ചത് 230 സ്വര്‍ണ കമ്മലുകള്‍

Posted on: July 12, 2013 12:06 am | Last updated: July 12, 2013 at 12:06 am

പാറ്റ്‌ന: ബീഹാറില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭാര്യക്ക് നല്‍കിയത് 230 സ്വര്‍ണ കമ്മലുകള്‍. കൈക്കൂലി പണം ഉപയോഗിച്ചാണ് ഇത്രയും സ്വര്‍ണം ഇദ്ദേഹം വാങ്ങിക്കൂട്ടിയത്. കമ്മലുകള്‍ക്ക് പുറമെ 53 മോതിരവും 36 വളകളും ഇയാള്‍ ഭാര്യക്ക് സമ്മാനമായി നല്‍കി.

ബീഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവ ഇവ പിടിച്ചെടുത്തു. സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണ സിംഗ് യാദവാണ് കേസിലെ പ്രതി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എപ്പോള്‍ കൈക്കൂലി ലഭിച്ചാലും അതിലൊരു പങ്ക് ഭാര്യക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുകയാണ് ഇദ്ദേഹത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. 30 മാലകളും ആറ് നെക്ലേസുകളും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് യാദവിന്റെ പാറ്റ്‌നയിലും മറ്റുമുള്ള വീടുകളില്‍ തിരച്ചില്‍ നടത്തിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് എ ഡി ജി പി രവീന്ദ്ര കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 8.5 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. വീട്, സ്ഥലം, ബേങ്ക് നിക്ഷേപം എന്നിങ്ങനെ 2.39 കോടി രൂപയുടെ സ്വത്ത് ഇദ്ദേഹത്തിന്റെ പേരിലുണ്ട്.