മുതിര്‍ന്ന നേതാക്കള്‍ ബി ജെ പിയിലേക്ക് ക്ഷണിച്ചു: യഡിയൂരപ്പ

Posted on: July 12, 2013 12:04 am | Last updated: July 12, 2013 at 12:04 am

ബംഗളൂരു: ബി ജെ പിയിലേക്ക് തിരിച്ചുപോകുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും തന്നെ മാതൃ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന ദേശീയ നേതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെന്നും കര്‍ണാടക ജനതാ പാര്‍ട്ടി മേധാവിയും മുന്‍ കര്‍ണാടക മുഖ്യന്ത്രിയുമായ യഡിയൂരപ്പ. ഇതാദ്യമായാണ് ഇക്കാര്യങ്ങള്‍ യഡിയൂരപ്പ പരസ്യമായി സമ്മതിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന് സമ്മതിച്ച യഡിയൂരപ്പ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.

‘ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അടക്കമുള്ളവരാണ് എന്നോട് സംസാരിച്ചത്. പക്ഷേ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഉടന്‍ ധാരണയിലെത്തും’- അദ്ദേഹം വാര്‍ത്താ ലേഖരോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ടാണ് യഡിയൂരപ്പയുടെ പുതിയ പാര്‍ട്ടി നേടിയത്. ബി ജെ പിയെ അധികാരഭ്രഷ്ടമാക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തല്‍. കെ ജെ പി വോട്ട് പിടിച്ചിടത്തെല്ലാം ബി ജെ പി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയായിരുന്നു. ഈ കണക്കുകളുയര്‍ത്തിയാണ് ബി ജെ പിയിലെ ഒരു വിഭാഗം യഡിയൂരപ്പയെ തിരിച്ച് കൊണ്ടുവരണമെന്ന് വാദിക്കുന്നത്. എന്നാല്‍ യഡിയൂരപ്പ ഇങ്ങോട്ട് ആവശ്യപ്പെടട്ടെയെന്ന നിലപാടിലാണ് മറുപക്ഷം. ആര് ആദ്യ കാല്‍വെപ്പ് നടത്തുന്നുവെന്നത് പ്രസക്തമല്ലെന്നാണ് ഇതുസംബന്ധിച്ച് യഡിയൂരപ്പ പറയുന്നത്. തനിക്ക് ഇതുവരെ ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കഴിഞ്ഞ പ്രവാശ്യത്തെ പ്രകടനം നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് അതിന് മുമ്പ് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കനുസരിച്ചായിരിക്കും അതെന്ന് യഡിയൂരപ്പ മറുപടി നല്‍കി. നരേന്ദ്ര മോഡി രാജ്യം ഭരിക്കാന്‍ മാത്രം ജനപിന്തുണയുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു.