യുപിയില്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള റാലികള്‍ക്ക് ഹൈക്കോടതി വിലക്ക്

Posted on: July 11, 2013 9:13 pm | Last updated: July 11, 2013 at 9:13 pm

courtലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മതം അടിസ്ഥാനമാക്കിയുള്ള റാലികള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ വിലക്ക്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പു കമ്മിഷനും നാലു പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോടതി നോട്ടീസ് അയക്കാനും ഉമാനാഥ് സിംഗ്, മഹേന്ദ്ര ദയാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മോത്തിലാല്‍ യാദവ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് വിധി.

ജാതി രാഷ്ട്രീയത്തിന്റെ കേന്ദ്രമായ ഉത്തര്‍പ്രദേശില്‍ അടുത്തിടെ ബി എസ് പി സംഘടിപ്പിച്ച ബ്രാഹ്മിണ്‍ ഭായിചാര സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് മോത്തിലാല്‍ യാദവ് ഹര്‍ജി സമര്‍പ്പിച്ചത്. യുപിയിലെ 40 ജില്ലകളിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ലക്‌നൗവിലെ സമ്മേളനം ഉദ്ഘാടനം ചെയ്തത് മായാവതിയാണ്. ഇതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടി മുസ്ലിം സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.