Connect with us

Gulf

വിശുദ്ധ വ്രതമാസത്തിന് തറാവീഹ് പ്രാര്‍ത്ഥനയോടെ തുടക്കം

Published

|

Last Updated

മസ്‌കത്ത്: മസ്ജിദുകളില്‍നിന്നും നിശാ പ്രാര്‍ഥനകളുടെ മന്ത്ര ശബ്ദങ്ങളുയര്‍ന്നു. വിശുദ്ധിയുടെ വ്രതമാസത്തിന്റെ ആദ്യ രാത്രിയില്‍ ദീര്‍ഘ നിസ്‌കാരമായ തറാവീഹിന്റെ പുണ്യം തേടി വിശ്വാസികള്‍ നേരത്തേ പള്ളികളിലെത്തി. ഇമാമുമാര്‍ റമസാന്റെ വിശുദ്ധിയും വ്രതത്തിന്റെ പവിത്രതയും പ്രാര്‍ഥനകളുടെ പ്രധാന്യവും അവരെ ഉണര്‍ത്തി. പിന്നീട് വിശുദ്ധ ഖുര്‍ആന്റെ മധുരിതമായ പാരായണത്തോടെ ഇരുപത് റക്അത്ത് രാത്രി നിസ്‌കാരത്തില്‍ വിശ്വാസികള്‍ ലയിച്ചു.

രാത്രി പല സമയങ്ങളിലായാണ് ഇന്നലെ മസ്‌കത്തിലെ പലയിടങ്ങളിലും തറാവീഹ് നിസ്‌കാരം കഴിഞ്ഞത്. രാത്രി വൈകി ജോലി കഴിയുന്നവരുടെ സൗകര്യാര്‍ഥം അര്‍ധാരാത്രി 12 വരെ നിസ്‌കാരങ്ങള്‍ തുടര്‍ന്നു. റമസാനിലെ പ്രത്യേക രാത്രി നിസ്‌കാരങ്ങള്‍ക്ക് മസ്ജിദുകളിലെ ആദ്യ ജമാഅത്തിനു പുറമെ രണ്ടും മൂന്നും ഘട്ടങ്ങളിലായി സൗകര്യമൊരുക്കിയിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തിലും രാത്രി നിസ്‌കാരങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ഇന്നലെ തുടക്കം കുറിച്ചു.
ഈ വര്‍ഷത്തെ റമസനിലെ ആദ്യ വ്രതപ്പകലിനെയാണ് ഇന്നലെ സന്ധ്യ തൊട്ടു തുടങ്ങിയ പ്രാര്‍ഥനകളോടെ വിശ്വാസികള്‍ വരവേറ്റത്. വിശുദ്ധ ഖുര്‍ആന്‍ പാരായണങ്ങളും പള്ളികളിലെ ഇഅ്തികാഫുകളും പ്രാര്‍ഥനകളുമായി മനസ്സും ശരീരവും ഒരുപോലെ സ്രഷ്ടാവിലേക്കു സമര്‍പ്പിച്ച് ധന്യത നേടുന്ന രാപ്പകലുകള്‍ക്കാണ് ഇന്നലെ തുടക്കമായത്. റമസാന്‍ ആരാധനകള്‍ക്കും ഇഫ്താറുകള്‍ക്കും രാജ്യത്തെ പള്ളികളും ഇഫ്താര്‍ ടെന്റുകളും തയാറെടുത്തു. മുഴുവന്‍ മസ്ജിദുകളിലും വിപുലമായ ഇഫ്താറുകള്‍ക്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
റമസാന്‍ കാലം പൊതു ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും മാറ്റം വരുത്തുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയത്തില്‍ ഇന്നു മുതല്‍ മാറ്റം വരും. രാവിലെ ഒമ്പതു മുതല്‍ ഉച്ച കഴിഞ്ഞ് അഞ്ചു വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളും ഉച്ച കഴിഞ്ഞ് മൂന്നോടെ അവസാനിക്കും. പരമ്പരാഗത വിപണികളിലും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരികയാണ്. ഇനി രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്നവയാകും വിപണികള്‍. അത്താഴം കഴിക്കുന്നവര്‍ക്കായി റസ്റ്റോറന്റുകള്‍ പുലരുവോളം പ്രവര്‍ത്തിക്കും. എന്നാല്‍ ഇവ പകല്‍ സമത്ത് അടഞ്ഞു കിടക്കും.
റമസാന്‍ വില്‍പനക്കായും വിപണി തയാറെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇഫ്താര്‍ വിഭവങ്ങളുമായി വൈകുന്നേരങ്ങളില്‍ ചായക്കടകള്‍ സജീവമാകും. പഴവര്‍ഗങ്ങളും മത്സ്യ, മാംസ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും ഇനി സജീവമാകും. റമസാന്‍ നാളുകള്‍ പിന്നിടുന്നതോടെ പെരുന്നാള്‍ തിരക്കും വിപണിക്കു ചൂടു പകരും.

Latest