അല്‍ ഐനില്‍ കൂറ്റന്‍ മാളുകള്‍ വരുന്നു

Posted on: July 11, 2013 6:00 pm | Last updated: July 11, 2013 at 6:00 pm

അല്‍ ഐന്‍: രാജ്യത്തിന്റെ പൂന്തോട്ട നഗരിയുടെ വാണിജ്യ വികസന സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് രണ്ട് കൂറ്റന്‍ മാളുകള്‍ കൂടി ഉദ്ഘാടനത്തിന് തയ്യാറാകുന്നു.

നഗരത്തിലേക്ക് വടക്കുഭാഗത്തുനിന്നുള്ള പ്രവേശന കവാടമായ ഹീലിയില്‍ ഹീലി ഹൗസിംഗ് പ്രോജക്ടിന് പിറകിലും ഹീലി വ്യവസായമേഖലയില്‍ ബുറൈമി ചെക്ക് പോസ്റ്റിനു സമീപത്തും പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വാഹത്ത് ഹീലി മാളും അവസാന മിനുക്കു പണികള്‍ നടക്കുന്ന അല്‍ ഹീലി മാളുമാണ് അല്‍ ഐന്റെ മുഖച്ഛായ മാറ്റാ ന്‍ തയാറാവന്നത്.
പതിനഞ്ച് വര്‍ഷം മുമ്പ് ടൗണ്‍ മുറബ്ബ പോലീസ് സ്‌റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തനമാരംഭിച്ച എം കെ ഗ്രൂപ്പിന്റെ ലുലു സെന്ററായിരുന്നു എല്ലാം ഒരു കുടക്കീഴില്‍ എന്ന ആശയവുമായി ഒരു പുത്തന്‍ വ്യാപാര ക്രമത്തിന് തുടക്കമിട്ടത്. അതിനു മുമ്പ് അല്‍ ഐന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഔട്ട് ലെറ്റുകളും, ചോയിത്രം, ശബ്‌ന, വെല്‍കം തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും താരതമ്യേന സൗകര്യങ്ങള്‍ കുറവായിരുന്നു. അല്‍ ഐനിലെ സ്വദേശികളുടെ ഷോപ്പിംഗ് ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നത് ദുബൈ, അബുദാബി നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.
പിന്നീടങ്ങോട്ട് സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും കൂറ്റന്‍ മാളുകളുടെയും തള്ളിക്കയറ്റം അല്‍ ഐനിലെ വ്യാപാര വ്യവസായ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തി. ഒട്ടേറെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ, രൂപമാറ്റം വരുത്തുകയോ ചെയ്യപ്പെട്ടു. അല്‍ ഐവന്‍ മാള്‍, ജീമി മാള്‍, ബവാദി മാള്‍, തുടങ്ങിയ കൂറ്റന്‍ മാളുകളും എം കെ ഗ്രൂപ്പിന്റെ തന്നെ അഞ്ചോളം ഹൈപ്പര്‍ മാര്‍ക്കറ്റുകളും കൂടാതെ ചെറുതും വലുതുമായ സൂപ്പര്‍ മാര്‍ക്കാറ്റുകളും വാണിജ്യ രംഗത്തിന് ശക്തി പകര്‍ന്നു.