അസാറാം ബാപ്പുവിനെതിരെ അറസ്റ്റ് വാറണ്ട്

Posted on: July 11, 2013 8:01 am | Last updated: July 11, 2013 at 8:01 am

Asaram-Bapu-Pardaphash-76380മുംബൈ: ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ വിവാദ പ്രസ്താവന നടത്തിയ അസാറാം ബാപ്പുവിനെതിരെ അറസ്റ്റ് വാറണ്ട്. മുസാഫറാബാദിലെ കോടതിയാണ് ഇന്നലെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനയിറക്കിയതിനെതിരെ നല്‍കിയ പരാതിയിലാണ് മുസാഫറാബാദ് കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് പി സിംഗ് ആശ്രമം ബാപ്പുവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
‘ബോഡി വാറന്റ്’ എന്നാണ് കോടതി പരാമര്‍ശമെങ്കിലും അറസ്റ്റ് ചെയ്ത് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് പാട്‌ന ഹൈക്കോടതിയിലെ അഡ്വക്കറ്റ് ആര്‍ ആര്‍ കെ പാണ്ഡെ പറഞ്ഞു. ഇതനുസരിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം ലഭിക്കുമെന്നും പാണ്ഡെ പറഞ്ഞു.
ഡല്‍ഹി ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി, അക്രമികളോട് ‘സഹോദരാ’ എന്ന് വിളിച്ച് ദയക്ക് അഭ്യര്‍ഥിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ബാപ്പുവിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ അഡ്വക്കറ്റ് സുധീര്‍കുമാര്‍ ഓഝ നല്‍കിയ പരാതിയിന്‍മേലാണ് കോടതി ഉത്തരവ്.