മിച്ചഭൂമിയായി ഉത്തരവിറക്കിയിട്ടും റവന്യൂ വകുപ്പ് ഏറ്റെടുത്തില്ല

Posted on: July 11, 2013 1:06 am | Last updated: July 11, 2013 at 1:06 am

കല്‍പറ്റ: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് വന്‍കിട തേയില തോട്ടം മുറിച്ചുവില്‍ക്കുകയും തരംമാറ്റുകയും ചെയ്ത സാഹചര്യത്തില്‍ ഈ ഭൂമി മുച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുക്കാന്‍ സബ് കലക്ടര്‍ ഉത്തരവില്‍ പതിനൊന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ല.

കല്‍പറ്റ, കോട്ടപ്പടി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഥൂര്‍ പ്ലാന്റേഷന്റെ 31.89 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാനാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18ന് അന്നത്തെ മാനന്തവാടി സബ്കലക്ടര്‍ എസ് ഹരികിഷോര്‍ ഉത്തരവിട്ടത്. മിച്ചഭൂമി ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഈ ഭൂമിക്ക് ഇപ്പോഴും പഴയപടി ഉടമസ്ഥനില്‍ നിന്ന് നികുതി സ്വീകരിക്കുമുണ്ട്.
കല്‍പറ്റ വില്ലേജിലെ പെരുന്തട്ടയില്‍ തേയില തോട്ടത്തില്‍ നിന്ന് കരിങ്കല്‍ ക്വാറിക്കായി തരംമാറ്റിയ ഒന്നേമുക്കാല്‍ ഏക്കറും കോട്ടപ്പടി വില്ലേജില്‍പ്പെട്ട മേപ്പാടി ടൗണിനോട് ചേര്‍ന്ന് തുണ്ടുതുണ്ടായി മുറിച്ചുവിറ്റ 30 ഏക്കര്‍ ഭൂമിയും മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാനായിരുന്നു സബ് കലക്ടറുടെ ഉത്തരവ്. എന്നാല്‍ റവന്യു വകുപ്പിലെ ഒരു ലോബി എസ്റ്റേറ്റ് ഉടമയ്ക്ക് അനുകൂലമായി ഫയല്‍ പൂഴ്ത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിട്ട് ഒരാഴ്ചയ്ക്കകം സബ് കലക്ടര്‍ ഹരികിഷോര്‍ സ്ഥലംമാറിപ്പോവുകയും ചെയ്തു. ഇതോടെ ഫയല്‍ തന്നെ മുങ്ങുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല തോട്ടങ്ങളിലും ഭൂമി തരംമാറ്റലും മുറിച്ചുവില്‍പനയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. തോട്ടം എന്ന പരിഗണനയില്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്ന് ഇളവ് നേടിയ ഭൂമി പിന്നീട് തരംമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. അഥവാ തരംമാറ്റിയാല്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം ഈ ഭൂമിക്ക് ബാധകമാവും.
ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം വ്യക്തിക്കും സ്ഥാപനത്തിനും കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. തരംമാറ്റിയ ഭൂമി, മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സബ് കലക്ടറുടെ ഈ ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞ മാസം വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ മറ്റൊരു എസ്റ്റേറ്റില്‍ നിന്ന് 40 ഏക്കര്‍ വില്‍പന നടത്തിയത്. ഹരിയാന സ്വദേശിയായ വിവാദ സന്യാസിക്ക് വിറ്റ ഭൂമിയില്‍ മരംമറിയും കുന്നിടിക്കലും തകൃതിയായി നടക്കുന്നു. ഇവിടെ 12000 ചതുരശ്രഅടി വിസ്തൃതിയില്‍ കെട്ടിട നിര്‍മാണത്തിനും അനുമതി കൊടുത്തു. വീട്ടിമരങ്ങള്‍ മുറിച്ചുമാറ്റിയതിന് എതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണി നേരിടുകയാണ്.