ആലൂര്‍ – ആലിക്കുന്നത്ത് പ്രദേശത്തെ യാത്രാദുരിതം തീരുന്നില്ല

Posted on: July 11, 2013 1:00 am | Last updated: July 11, 2013 at 1:00 am

കൂറ്റനാട്: ആലൂര്‍ – ആലിക്കുന്നത്ത് പ്രദേശത്തുകാരുടെ ദുരിതം അവസാനിക്കുന്നില്ല. കര്‍ഷകരും ദരിദ്രരുമായ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെയും ആലിക്കുന്നത്ത് പാടശേഖരത്തേയും പുറം ലോകവുമായി ബന്ധിപ്പിക്കുന്ന തോടിന് കുറുകെയുള്ള പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. വര്‍ഷക്കാലമാകുന്നതോടെ നിറഞ്ഞൊഴുകുന്ന ആലിക്കുന്നത്ത് തോടിന് മുകളിലൂടെയുള്ള യാത്ര ഭീതി ഉയര്‍ത്തുന്നതാണ്. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളും തൊഴിലാളികളും ആശ്രയിക്കുന്നതാണ് ആലിക്കുന്നത്തുപാലം.
പട്ടിത്തറ പഞ്ചായത്തിലെ നാല്, അഞ്ച്, വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ആലിക്കുന്ന്. മുപ്പത് വര്‍ഷം മുമ്പ് തോടിന് കുറുകെ നിര്‍മിച്ച നടപ്പാലം കാലപ്പഴക്കത്താല്‍ ദ്രവിച്ചതിനെ തുടര്‍ന്ന് 2005-2006 ല്‍ പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. തോടിന്റെ രണ്ടറ്റവും മുട്ടാതെ കിടക്കുകയാണ് ഈ പാലം. നടപ്പാലത്തില്‍കൂടിയുള്ള യാത്ര ജീവന്‍ പണയം വെച്ചാണ്. വര്‍ഷാവര്‍ഷം നാട്ടുകാര്‍ അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്താറുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു നൂറ്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷിയിടത്തിലേക്ക് കര്‍ഷകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കൃഷിയിറക്കി വിളവെടുത്താല്‍ കിലോമീറ്ററുകള്‍ തലച്ചുമടായി വന്നുവെണം വാഹനം പിടിക്കാന്‍.
യാത്ര സൗകര്യമില്ലാത്തതിനാല്‍ കൃഷിഭൂമി തരിശിടേണ്ടതായി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ആലിക്കുന്നത്തുകാരെ ആലൂരുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.ചെങ്കുത്തായ കയറ്റത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിരിച്ച കരിങ്കല്ലുകള്‍ അടര്‍ന്നു പോയി കുണ്ടുകുഴിയും രൂപപ്പെട്ടിരിക്കുകയാണ്.