സ്‌നോഡെന്റെ അപേക്ഷ ലഭിച്ചു: വെനിസ്വേല

Posted on: July 11, 2013 12:04 am | Last updated: July 11, 2013 at 12:04 am

snowdenകാരക്കസ്: യു എസ് നടത്തിയ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡെന്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എപ്പോഴാണ് കാരക്കസിലേക്കെത്തുകയെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോ. സ്‌നോഡെന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് വെനിസ്വേലയും നിക്കരാഗ്വേയും വ്യക്തമാക്കിയിരുന്നു. യു എസ് രാജ്യദ്രോഹ കുറ്റം ചുമത്തിയ സ്‌നോഡെന്‍ മോസ്‌കോയിലെ ഷെര്‍മിത്തിയോണ്‍ വിമാനത്താവളത്തിലാണ് ഇപ്പോഴുള്ളത്.
സ്‌നോഡെന് എപ്പോള്‍ വേണമെങ്കിലും വെനിസ്വേലയിലേക്ക് വരാമെന്നും സാമ്രാജ്യത്വ ശക്തികള്‍ സ്‌നോഡെനെ പീഡിപ്പിക്കുകയാണെന്നും നിക്കോളസ് മദുറോ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് ഇവോ മൊറേല്‍സിന് വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമാക്കണമെന്ന് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളോട് ബൊളീവിയ ആവശ്യപ്പെട്ടു. വ്യോമാതിര്‍ത്തി കടക്കാന്‍ നാല് രാജ്യങ്ങള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ വിമാനം അടിയന്തരമായി വിയന്നയില്‍ ഇറക്കിയിരുന്നു. പ്രസിഡന്റിന്റെ വിമാനത്തില്‍ സ്‌നോഡെന്‍ ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചിരുന്നത്. വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കരുതെന്ന് യു എസ് സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കരുതുന്നത്.
നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് നാല് രാജ്യങ്ങളിലെയും അംബാസഡര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൊളീവിയയിലെ വാര്‍ത്താ വിനിമയ മന്ത്രി പറഞ്ഞു. സ്‌നോഡെന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ബൊളീവിയയും അറിയിച്ചിരുന്നു. അഭയം നല്‍കണമെന്നാവശ്യപ്പെട്ട് 21 രാജ്യങ്ങള്‍ക്കാണ് സ്‌നോഡെന്‍ അപേക്ഷ നല്‍കിയിരുന്നത്.