ഹര്‍ത്താലില്‍ പലയിടത്തും അക്രമം; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീവെച്ചു

Posted on: July 10, 2013 8:00 pm | Last updated: July 10, 2013 at 11:59 pm

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കണ്ണൂരും കോഴിക്കോട്ടും തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരിലും ചെറിയ തോതില്‍ അക്രമമുണ്ടായി. കോഴിക്കോട് കുന്ദമംഗലത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേര്‍ക്ക് സമരാനുകൂലികള്‍ കല്ലെറിഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലെ തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു. വാഴക്കാലയിലെ പ്രിയദര്‍ശിനി വായനശാലക്ക് അജ്ഞാതര്‍ തീയിട്ടു. കല്യാശ്ശേരിയിലും കീച്ചേരിയിലും കീഴറയിലും കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. കൂത്തുപറമ്പ് വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ പി വിജയന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി.
തൃശൂരില്‍ പലയിടത്തും കല്ലേറും അക്രമവും അരങ്ങേറി. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിച്ചു. പെരിഞ്ഞനത്ത് കാത്തലിക് സിറിയന്‍ ബാങ്കിനുെേര ഹര്‍ത്താല്‍ അുകൂലികള്‍ കല്ലെറിഞ്ഞു തിരുവനന്തപുരത്ത് ശ്രീകാര്യത്തും കഴക്കൂട്ടത്തും സ്വകാര്യ വാഹനങ്ങള്‍ക്കും ചരക്ക് ലോറിക്കും നേരെ കല്ലേറുണ്ടായി. സമരക്കാരുടെ കല്ലേറില്‍ ലോറിയുടെ ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. എം എ വാഹിദ് എം എല്‍ എയുടെ ഓഫീസിന് നേരെയും കല്ലേറുണ്ടായി. കോട്ടയം കുമാരനല്ലൂരില്‍ വാഹനങ്ങള്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ചിങ്ങവനത്ത് വിവാഹ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെ കാര്‍ തല്ലിത്തകര്‍ത്തു.
ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാതെ അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളിലും ട്രെയിനുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്കായി ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഇവയും പിന്മാറി. വെളളപ്പൊക്ക കെടുതി തുടരുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആര്‍ സി സിയിലേക്കും മെഡിക്കല്‍ കോളജിലേക്കും എത്തിയ രോഗികളാണ് ഏറെ വലഞ്ഞത്.
രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ പോലീസ് രണ്ട് വാഹനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും യാത്രക്കാരുടെ ബാഹുല്യം കാരണം കൂടുതല്‍ പേരെ കുത്തിനിറച്ചാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയത്. ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ആശുപത്രിയിലെ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. പത്ത് മണിയോടുകൂടി സെക്രട്ടേറിയറ്റിലേക്ക് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ പോലീസ് തടഞ്ഞു. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.