മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരുക്ക്‌

Posted on: July 10, 2013 11:46 pm | Last updated: July 10, 2013 at 11:46 pm

തിരുവനന്തപുരം: റോഡരികിലെ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. മരം മുറിച്ചു നീക്കാനുള്ള രക്ഷാ പ്രവര്‍ത്തനത്തിനിടെ ക്രെയിനിന്റെ ഒരു ഭാഗം തകര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ശാസ്തമംഗലം മരുതംകുഴിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞിരംപാറ, ബി കെ പി നഗര്‍, ടി സി 7/ 351ല്‍ മണിയന്‍(65)ആണ് മരിച്ചത്. ആല്‍മരത്തിന് താഴെയുള്ള കൊച്ചാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മണിയന്‍.
അപകടത്തില്‍ കാഞ്ഞിരംപാറ സ്വദേശികളായ പൊടിമോന്‍, അനിക്കുട്ടന്‍ എന്നിവര്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍ തകര്‍ന്നു വീണ് മരുതംകുഴി സ്വദേശി മഹേഷ്, കൊച്ചാര്‍ സ്വദേശി രാജേന്ദ്രന്‍ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ തലക്ക് പരുക്കേറ്റ രാജേന്ദ്രന്റെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതംകുഴി എല്‍ പി സ്‌കൂളിന് സമീപം റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന കൂറ്റന്‍ മരം വേരോടെ പിഴുത് റോഡിലേക്ക് വീഴുകയായിരുന്നു. ഇതുവഴി ബൈക്കില്‍ പോകുകയായിരുന്നു അനിക്കുട്ടനും മണല്‍വാരല്‍ തൊഴിലാളിയായ പൊടിമോനും. ഇവര്‍ രണ്ട് പേരും അകപ്പെട്ടത് മരത്തിന്റെ ചില്ലകളുടെ ഭാഗത്തായതിനാല്‍ രക്ഷാ പ്രവര്‍ത്തനം എളുപ്പത്തിലായി. എന്നാല്‍ മണിയന്‍ മരത്തിന്റെ തടിയുടെ ഭാഗത്താണ് അകപ്പെട്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മണിയനെ പുറത്തെടുക്കാനായത്. അപകടത്തില്‍പ്പെട്ട ബൈക്കിന് പുറമെ മറ്റൊരു ബൈക്കും ഒരു മിനി ലോറിയും മരത്തിനടിയിലായി. ഹര്‍ത്താല്‍ മൂലം റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. റോഡിലേക്ക് വീണ മരം മുറിച്ചു നീക്കുന്നതിനിടെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ ക്രെയിനിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. കെ എസ് ഇ ബിയുടെ ക്രെയിനിന്റെ ക്ലിപ്പ് ഇളകി മാറിയതാണ് അപകട കാരണം. മണിയന്റെ കുടുംബത്തിന് 10,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സുശീലയാണ് മണിയന്റെ ഭാര്യ. ബിന്ദു, സിന്ധു, ബിജു, സുനില്‍ എന്നിവര്‍ മക്കളാണ്.