Connect with us

Gulf

ദുബൈയില്‍ 1.3 ലക്ഷം കെട്ടിടങ്ങള്‍ക്ക് ജിയോ അഡ്രസ് കോഡ് നടപ്പാക്കി

Published

|

Last Updated

ദുബൈ: നഗരത്തില്‍ ഇനി കെട്ടിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്നത് പഴങ്കഥയാവാന്‍ പോകുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും പ്രത്യേക കെട്ടിടത്തില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി ആശ്വാസിക്കാം. ദുബൈ നഗരസഭാ കെട്ടിടങ്ങള്‍ക്ക് ജിയോ അഡ്രസ് കോഡ് സംവിധാനം നടപ്പാക്കി തുടങ്ങിയതാണ് ആശ്വാസം നല്‍കുന്നത്.
ഇതുവരെ 1,30,000 കെട്ടിടങ്ങളെ ജിയോ അഡ്രസ് കോഡിന്റെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ജി ഐ എസ്) വിഭാഗമാണ് പുതിയ സംവിധാനം കാര്യക്ഷമായി നടപ്പാക്കുന്നത്. എല്ലാ കെട്ടിടങ്ങള്‍ക്കും ഈ സംവിധാനത്തിന്റെ ഭാഗമായി പ്രത്യേകം ജിയോ അഡ്രസ് കോഡ് നല്‍കും. ഇത് പ്രാവര്‍ത്തികമാവുന്നതോടെ സ്മാര്‍ട്ട ഫോണ്‍, ഐ പാഡ്, കംപ്യൂട്ടര്‍, നാവിഗേറ്റുകള്‍ എന്നിവ ഉപയോഗിച്ച് പോകേണ്ട കെട്ടിടം കൃത്യമായി കണ്ടെത്താന്‍ കഴിയും. അത്യാവശ്യങ്ങള്‍ക്കായി സമീപത്തുള്ള ആശുപത്രി ഉള്‍പ്പെടെയുള്ളവ തിരയുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. നഗരത്തിലെ ഏത് മൂലയിലുള്ള കെട്ടിടമായാലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്തിച്ചേരാന്‍ ഇതിലൂടെ സാധിക്കും. കെട്ടിടത്തോടൊപ്പം തെരുവുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പ്രത്യേക സ്ഥലവും ഈ സംവിധാനത്തില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് ജി ഐ എസ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ ഹഖീം മാലിക് വ്യക്തമാക്കി.
വഴി അറിയാതെ പലപ്പോഴും ആളുകള്‍ ബുദ്ധിമുട്ടുന്നത് നഗരത്തില്‍ പതിവാണ്. സംവിധാനം പ്രാവര്‍ത്തികമാവുന്നതോടെ ഇതിന് ശാശ്വത പരിഹാരമാവും. പലപ്പോഴും സ്ട്രീറ്റ് നമ്പര്‍, കെട്ടിട നമ്പര്‍ എന്നിവയില്‍ വരുന്ന തെറ്റുകളും മേല്‍വിലാസത്തില്‍ സംഭവിക്കുന്ന അക്ഷര തെറ്റുമെല്ലാം അന്വേഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ സ്ഥലത്ത് എത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ഥിതിയാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമാവും പുതിയ സംവിധാനം.
വെബ് സൈറ്റില്‍ my location.ae എന്ന് സര്‍ച്ച് ചെയ്താല്‍ ആവശ്യമായ സ്ഥലം അന്വേഷിക്കാനുള്ള ലിങ്കിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ കെട്ടിടങ്ങളെയും ഇതിന്റെ ഭാഗമാക്കി മാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.