നാലാം ദിനത്തിലെ തിരച്ചിലും വിഫലം; പരേഷിനെ കണ്ടെത്താനായില്ല

Posted on: July 10, 2013 1:10 am | Last updated: July 10, 2013 at 1:10 am

തിരുന്നാവായ: പിതൃതര്‍പ്പണത്തിനിടെ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പരേഷിനായുള്ള തിരച്ചില്‍ നാലാം ദിനത്തിലും വിഫലമായി. ചെന്നൈയിലുള്ള ദേശീയ ദുരന്തരക്ഷാ സേനയും 40 അംഗങ്ങളും നാവികസേനയുടെ അഞ്ച് അംഗങ്ങളടങ്ങിയ സംഘമാണ് ഇന്നലെ തിരച്ചിലിന് നേതൃത്വം നല്‍കിയത്. യമഹ എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ബോട്ട് ഉപയോഗിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്.
വെളിച്ചക്കുറവ് മൂലം വൈകുന്നേരത്തോടെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അതേ സമയം ഭാരതപ്പുഴയില്‍ അതിശക്തമായ അടിയൊഴുക്ക് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാണാതായ ആള്‍ കടലിലേക്ക് ഒഴുകി പോകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തിരച്ചില്‍ ഇന്നും തുടരും. എന്നാല്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ തിരച്ചില്‍ നടത്തണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അമ്മയുടെ കണ്‍മുന്നില്‍വെച്ച് പരേഷ് നിളയില്‍ ഒലിച്ചുപോയത്. കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയാണ്.