സരിത വടകരയിലും തട്ടിപ്പ് നടത്തി

Posted on: July 10, 2013 1:05 am | Last updated: July 10, 2013 at 1:05 am

solar panelവടകര: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണനും സരിത എസ് നായരും വടകരയിലും തട്ടിപ്പ് നടത്തിയതായി പരാതി. വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്‌കൂളാണ് തട്ടിപ്പിനിരയായത്. കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് സരിതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിയെടുത്തതായാണ് പരാതി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ടി ജോസഫിന്റെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിന്റ്പവര്‍ മില്‍ സ്ഥാപിക്കാന്‍ 2008 ഡിസംബര്‍ ആറിന് രണ്ട് ലക്ഷം രൂപ സരിത എസ് നായര്‍ കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു. 9,83,000 രൂപ വിലയുള്ള 4.2 കിലോവാട്ട് വിന്റ് പവര്‍ മില്‍ 45 ദിവസം കൊണ്ട് സ്ഥാപിക്കാമെന്നായിരുന്നു കരാര്‍. കോയമ്പത്തൂര്‍ തിരുമുഖന്‍ നഗറിലെ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് പവര്‍ മാനേജ്‌മെന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പ്രൊപ്പൈറ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത എത്തിയതെന്നും ഇതിനായി സരിത മൂന്ന് ദിവസം വടകരയില്‍ തങ്ങിയതായും പറയുന്നു.
നിശ്ചിത സമയപരിധിക്കുള്ളില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാതായതോടെ സ്‌കൂള്‍ അധികൃതര്‍ കോയമ്പത്തൂരില്‍ പോയി കമ്പനിയെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സരിതയുടെ കോയമ്പത്തൂരിലെ സ്ഥാപനത്തിന് കുറ്റിയാടിയില്‍ ഉണ്ടായിരുന്ന ഏജന്റ് മുഖേനയാണ് വിദ്യാപ്രകാശ് പബ്ലിക് സ്‌കൂളില്‍ എത്തിയത്.
സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വടകര പോലീസില്‍ പരാതി നല്‍കിയത്. കമ്പനിയെപ്പറ്റി സരിത നല്‍കിയ വിശദാംശങ്ങളും എഗ്രിമെന്റും ചെക്ക് മാറിയതിന്റെ രേഖകളും അടക്കം ചെയ്താണ് പരാതി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സരിതയെ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.