ബ്ലേഡ് മാഫിയയുടെ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധ നാല് വര്‍ഷമായി പെരുവഴിയില്‍

Posted on: July 10, 2013 12:48 am | Last updated: July 10, 2013 at 12:49 am

പാലക്കാട്: പണമിടപാട് സംഘങ്ങള്‍ക്കെതിരെ ജില്ലയില്‍ പോലീസ് നടപടി ശക്തമാക്കുമ്പോള്‍ ബ്ലേഡ് മാഫിയയുടെ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധ നാല് വര്‍ഷമായി പെരുവഴിയില്‍.
ചിറ്റൂര്‍ നല്ലേപ്പുള്ളി പത്തൊമ്പതാം വാര്‍ഡില്‍ വാരിയത്ത് ലെയിനില്‍ അനന്തകൃഷ്ണന്റെ ഭാര്യ അനുരാധയാണ് ദുരിതംപേറി കഴിയുന്നത്. ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്നതായിരുന്നു അനുരാധയുടെ കുടുംബം. മകള്‍ ഹൈമയുടെ വിവാഹത്തിനായാണ് അനുരാധയുടെ ഭര്‍ത്താവ് അനന്തകൃഷ്ണന്‍ കിടപ്പാടമായ 14 സെന്റ് പണയപ്പെടുത്തി കര്‍ണ്ണകി നഗര്‍ ശ്രീരാംപാളയത്തുള്ള പണമിടപാടുകാരനില്‍നിന്ന് 2.5 ലക്ഷം രൂപ വായ്പയെടുക്കുന്നത്. പലിശയായ 25,000 രൂപ കിഴിച്ച് 2. 25 ലക്ഷം രൂപയാണ് കൈയില്‍ കിട്ടിയത്. ഈ വിവരം അനുരാധ പോലുമറിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് എന്‍ജിനീയറിംഗിന് പഠിച്ചു കൊണ്ടിരുന്ന മകന്‍ പ്രകാശിന്റെ ആകസ്മിക മരണം. മകന്റെ മരണത്തോടെ മാനസികമായും ശാരീരികമായും തകര്‍ന്ന അനന്തകൃഷ്ണന്‍ കിടപ്പിലായി. ഇതിനിടെ ബ്ലേഡ് പലിശക്കാരന്‍ തേവരുകുട്ടി എന്നെ ബിനാമി വഴി പാലക്കാട് സബ് കോടതിയില്‍ പണമാവശ്യപ്പെട്ടു കേസ് നല്‍കി. 4.5 ലക്ഷം രൂപ അനന്തകൃഷ്ണന്‍ നല്‍കാനുണ്ടെന്നാരോപിച്ചായിരുന്നു കേസ്. കേസ് പുരോഗമിക്കുന്നതിന് മുമ്പ് തന്നെ അനന്തകൃഷ്ണന്‍ മരിച്ചു. അനുരാധയേയും ഹൈമയേയും കേസില്‍ കക്ഷി ചേര്‍ക്കാനുള്ള തേവരുകുട്ടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. കേസിനും പൊല്ലാപ്പിനുമില്ലെന്ന് പറഞ്ഞ് ഇതിനകം ഹൈമ അനുരാധയെ ഉപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. നിരവധി കൃത്രിമ രേഖകള്‍ വഴി കെട്ടിച്ചമച്ച കേസ് നേരിടാനുള്ള ശക്തി അനുരാധക്കുണ്ടായിരുന്നില്ല. ഇതിനിടെ തെന്നിവീണ് കാലൊടിഞ്ഞ് അനുരാധ കിടപ്പിലാകുകയും ചെയ്തു.
കേസ് വിളിച്ച തീയതിയില്‍ അനുരാധ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് എക്‌സ് പാര്‍ട്ടിയായി 2010 ഒക്‌ടോബറില്‍ കേസ് വിധിയായി. തേവരുകുട്ടി പോലീസുമായി വീട്ടിലെത്തുമ്പോള്‍ മാത്രമാണ് കേസ് വിധിയായ വിവരം കിടപ്പിലായിരുന്ന അനുരാധ അറിയുന്നത്. 15 പവന്റെ സ്വര്‍ണവും വിലപിടിച്ച ഗാര്‍ഹികോപകരണങ്ങളുമടക്കം ഒന്നുമെടുക്കാതെ വീട്ടില്‍നിന്നിറങ്ങാന്‍ അനുരാധ നിര്‍ബന്ധിതയായി.
വീടും സ്ഥലവും വിറ്റ ശേഷം ബാക്കി പണം നല്‍കാമെന്നായിരുന്നു തേവരുകുട്ടിയുടെ വാഗ്ദാനം. എന്നാല്‍ പിന്നീട് സ്വന്തം സ്ഥലത്തേക്ക് അനുരാധ പ്രവേശിക്കുന്നതുപോലും ഇയാള്‍ വിലക്കി. അതിനു ശേഷം സമീപത്ത് തോണ്ടത്ത് ലെയിനിലുള്ള കൃഷ്ണകൃപ വീട്ടിലാണ് അനുരാധ താമസിക്കുന്നത്. കാലൊടിഞ്ഞു കിടപ്പിലായിരുന്നപ്പോള്‍ തനിക്കു പറയാനുള്ളത് കേള്‍ക്കാതെയുണ്ടായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനുരാധ മുട്ടാത്ത വാതിലുകളില്ല.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഞ്ചു തവണയാണ് ഈ അറുപത്തിനാലുകാരി പരാതി നല്‍കിയത്. സുതാര്യ കേരളമടക്കം മറ്റു സംവിധാനങ്ങളിലൂടെയും നീതിക്കായി അപേക്ഷ നല്‍കി. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷനും അനുരാധയെ മടക്കി. ഇപ്പോള്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴി അപ്പീല്‍ നല്‍കി വീടും സ്ഥലവും തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് ഈ അനാഥ വൃദ്ധ.