കൊലക്കേസ് പ്രതിയുടെ സഹോദരന്റെ കടതുറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on: July 10, 2013 12:27 am | Last updated: July 10, 2013 at 12:27 am

കുഴല്‍മന്ദം: കൊലക്കേസ് പ്രതിയുടെ സഹോദരന്റെ കട തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള പോലീസിന്റെ നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിഫലമായി.
കുഴല്‍മന്ദം കാട്ടിരംകാട്ടില്‍ ശിവദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി പ്രകാശന്റെ സഹോദരന്‍ ബേബി എന്ന ജഗന്നിവാസന്റെ കടയാണ് പോലീസ് എത്തി തുറപ്പിക്കാന്‍ ശ്രമിച്ചത്.
കൊലപാതക സംഭവത്തിനു ശേഷം നാട്ടുകാര്‍ കട അടപ്പിക്കുകയായിരുന്നു.—യുവാവിനെ കൊലപ്പെടുത്തുന്നതിനും മറ്റു ഗൂഢാലോചനകള്‍ക്കുമായി പ്രതിയും സംഘവും ഈ കട മറയാക്കിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ മുഖ്യപ്രതിയുടെ സഹോദരന്റെ കട അടച്ചുപൂട്ടിയത്.
കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് പ്രതിയുടെ കുടുംബവുമായുള്ള രോഷം ‘ഭയന്ന് കട തുറക്കാന്‍ സഹോദരന് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തില്‍ കട തുറപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത്.
കുഴല്‍മന്ദം സി.—ഐ ഹരിദാസ്, എസ്.—ഐ രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കട തുറപ്പിക്കാനുള്ള ശ്രമം നടത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രൂപപ്പെട്ട പ്രതിഷേധങ്ങളുടെ മൂര്‍ച്ചകൂട്ടാനുള്ള ശ്രമമാണ് പ്രതിയുടെ സഹോദരന്റെ കട തുറപ്പിക്കാനുള്ള പോലീസ് നടപടിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.