ജില്ലാ വിഭജനം: ജനകീയ ഹര്‍ത്താല്‍ നടത്തും

Posted on: July 9, 2013 8:01 am | Last updated: July 9, 2013 at 8:01 am

മലപ്പുറം: ജില്ലാ വിഭജനത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ സെപ്തംബര്‍ മൂന്നിന് ജില്ലയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 42 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയുടെ ഭൂപരിധിയില്‍ നിന്ന് തന്നെ തിരൂര്‍ മേഖലയെ വിഭജിച്ച് പുതിയ ജില്ലയുണ്ടാക്കിയാലും 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഗുണപരമാവും. എന്നാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളുടെ ഭാഗം ചേര്‍ത്തും നിലമ്പൂര്‍ ആസ്ഥാനമായും ജില്ല വിഭജിക്കണമെന്ന ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇത് വിഭജനം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 19 മുതല്‍ 24 വരെ വാഹനജാഥ നടത്തി സന്ദേശം ജനങ്ങളിലെത്തിക്കും. തുടര്‍ന്ന് 31 വരെ ഭവന സന്ദര്‍ശനത്തിലൂടെ 10 ലക്ഷം ജനങ്ങളെ കാണുമെന്നും ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്, ജനറല്‍സെക്രട്ടറി ജലീല്‍ നീലാമ്പ്ര, സെക്രട്ടറി ടി എം ഷൗക്കത്ത് അറിയിച്ചു.