Connect with us

Malappuram

ബയോമെട്രിക് കാര്‍ഡുകളുടെ പേരില്‍ നടക്കുന്നത് പീഡനം

Published

|

Last Updated

പരപ്പനങ്ങാടി: വിവിധ പേരില്‍ നടക്കുന്ന ബയോമെട്രിക് കാര്‍ഡുകളുടെ ഫോട്ടോയെടുക്കല്‍ പീഡനമെന്ന് പരാതി. തീരദേശവാസികളായ മുതിര്‍ന്ന സ്ത്രീ, പുരുഷന്മാര്‍ക്കാണ് ആദ്യമായി ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോകളെടുത്തത്.
ഭീകര-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന സര്‍ക്കാരിന്റെ കണ്ടെത്തലാണ് തീരദേശ പഞ്ചായത്തുകളിലെ മുതിര്‍ന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഇത്തരം മെട്രിക് കാര്‍ഡിന് ഫോട്ടോയെടുക്കേണ്ടിവന്നത്. ഇതിന്റെ ഐഡന്റിറ്റി കാര്‍ഡ് മാസങ്ങള്‍ക്ക് ശേഷമാണ് ഉടമസ്ഥരുടെ കൈകളില്‍ എത്തിച്ചേര്‍ന്നത്. ഇത് തന്നെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. പിന്നീട് ഫിഷറീസ് ഏര്‍പ്പെടുത്തിയ മെറിറ്റ് കാര്‍ഡിന് വേണ്ടിയും ഇവിടത്തുകാര്‍ ഫോട്ടോയെടുത്തു.
ഇതിന്റെ കാര്‍ഡുകള്‍ ഫിഷറീസ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബേങ്ക് വഴിയാക്കിയതോടെ തുടര്‍ന്ന് വന്ന ആധാര്‍കാര്‍ഡിനും ഇവിടത്തുകാര്‍ക്ക് ഫോട്ടോക്ക് പോസ് ചെയ്യേണ്ടി വന്നു. മറ്റുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പോലെ തീരദേശവാസികളും തങ്ങളുടെ ജോലിയും മറ്റു പരിപാടികളും ഉപേക്ഷിച്ച് മണിക്കൂറുകള്‍ കാത്ത് നിന്ന് കാര്‍ഡിന് ഫോട്ടോയെടുക്കണം. നേരത്തെ തീരത്ത് മാത്രംഎടുത്ത ബയോമെട്രിക് കാര്‍ഡിന് വേണ്ടി തന്നെ ഓരോരുത്തരുടെയും ഫോട്ടോയും കൈവിരലുകളും കണ്ണ് മാത്രവുമായുള്ള ഫോട്ടോയും എടുത്തിരുന്നു. എന്‍ പി ആര്‍ കാര്‍ഡുകളാണ് ഈ സമയം ബയോമെട്രിക് കാര്‍ഡായി നല്‍കിയിരുന്നത്. ഇത് നിലനില്‍ക്കെ പിന്നെ എന്തിന് വീണ്ടും ഫോട്ടോയെടുക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ നേരത്തെ കണ്ണ് എടുത്തിരുന്നില്ലെന്നാണ് എന്യൂമറേറ്റര്‍മാരായി വന്ന അധ്യാപകര്‍ അറിയിച്ചത്. ഏത് തരത്തിലുള്ള കാര്‍ഡുകള്‍ എടുക്കാനും ഒരിക്കല്‍ മാത്രം ഫോട്ടോ എടുക്കുകയും മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നതിനും പകരം വിവിധ കാര്‍ഡുകളുടെ പേരില്‍ നടക്കുന്ന ഫോട്ടോയെടുപ്പ് അവസാനിപ്പാക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.

 

Latest