സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും രജീന്ദര്‍ കുമാര്‍ കുടുങ്ങും

Posted on: July 8, 2013 8:14 am | Last updated: July 8, 2013 at 8:14 am

ibഅഹമ്മദാബാദ്: സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സംശയമുന, ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ കുറ്റാരോപിതനായ ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥന്‍ രജീന്ദര്‍ കുമാറിനെതിരെ നീളുന്നു. രജീന്ദറിനെതിരെ ഐ ബി ഉദ്യോഗസ്ഥര്‍ തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. 2003 ജനുവരി 13നാണ് ഭാവ്‌നഗര്‍ സ്വദേശിയായ സാദിഖ് ജമാല്‍ (22) അഹമ്മദാബാദില്‍ വെച്ചുള്ള വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞ് ഇശ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയത് സാദിഖ് ജമാലിനെ കൊലപ്പെടുത്തിയ അതേ പോലീസ് സംഘമായിരുന്നു.
സാദിഖ് ജമാല്‍ കേസില്‍ രജീന്ദര്‍ കുമാറിന്റെ അവകാശവാദങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ നിന്നുള്ള അര ഡസനിലധികം സര്‍വീസിലുള്ളതും വിരമിച്ചവരുമായ ഐ ബി ഉദ്യോഗസ്ഥര്‍ തന്നെയാണ് മൊഴി നല്‍കിയത്. ഇശ്‌റത് കേസില്‍ അടുത്ത മാസം സി ബി ഐ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ രജീന്ദറിന്റെ പേരുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഈ മാസം 31ന് രജീന്ദര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ ഇശ്‌റത്ത്, ജമാല്‍ കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
ജമാലിനെ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം ഗുജറാത്ത് പോലീസിന് രഹസ്യവിവരം നല്‍കിയിട്ടുണ്ടെന്നത് സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2002 ഒക്‌ടോബറില്‍ മുംബൈയില്‍ നിന്നും നവംബറില്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനം, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പോലീസിന് വിവരം ലഭിച്ചത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ വിവരം രജീന്ദര്‍ കുമാറിന്റെ ആജ്ഞ പ്രകാരമായിരുന്നുവെന്നാണ് സി ബി ഐ വിശ്വസിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരെ ആക്രമിക്കാന്‍ ജമാല്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു രഹസ്യ വിവരം. എന്നാല്‍, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളല്ല ജമാലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശണ്ഠ, ചൂതാട്ടം എന്നീ കേസുകള്‍ മാത്രമാണ് ജമാലിന് എതിരെയുണ്ടായിരുന്നത്.
2002 ഡിസംബര്‍ 19നാണ് ജമാലിനെ മുംബൈയില്‍ നിന്ന് ഐ ബി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ ഒരാഴ്ച നീണ്ടുനിന്നു. ജമാലിനെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ തെറ്റാണെന്നായിരുന്നു ഐ ബിയുടെ മുംബൈ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ആസ്ഥാനത്തേക്ക് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അയക്കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലിനായി 2003 ജനുവരി മൂന്നിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ, ജമാലിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് രജീന്ദര്‍ കുമാര്‍ റിപ്പോര്‍ട്ടുണ്ടാക്കി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി, ഗുജറാത്ത് പോലീസിന് കസ്റ്റഡിയില്‍ കിട്ടി പത്ത് ദിവസത്തിനു ് ശേഷം അഹമ്മദാബാദിലെ നരോദ പ്രദേശത്ത് വെച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു.
രജീന്ദറിന്റെ കള്ളത്തരം പൊളിക്കാനായി, ജമാലിനെ സംബന്ധിച്ച് ഐ ബി നല്‍കിയ വിവരങ്ങള്‍ വേര്‍തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ അഹമ്മദാബാദിലെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് ആഴ്ചക്കുള്ളില്‍ ഐ ബി മറുപടി നല്‍കണം. അടുത്ത 17നാണ് കേസ് ഇനി പരിഗണിക്കുക.
മുമ്പ് ഈ കേസില്‍ അറസ്റ്റിലായിരുന്ന മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ കേതന്‍ തിരോദ്കറിന്റെ മൊഴിയാണ് നിര്‍ണായകമായത്. ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ദയ നായകിന് ജമാലിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് തിരോദ്കറാണ്. ‘ഗുജറാത്തിലെ വലിയ രാഷ്ട്രീയക്കാരനോട്’ വിധേയത്വം പ്രകടിപ്പിക്കാന്‍ ഒരു ബലിമൃഗത്തെ ആവശ്യമുണ്ടെന്നായിരുന്നു ദയ നായകിന്റെ നിലപാട്. തുടര്‍ന്ന് ദാവൂദ് ഇബ്‌റാഹീമിന്റെ സംഘത്തില്‍ പെട്ടയാളാണെ് ജമാലെന്നും ലശ്കറെ ത്വയ്യിബയുടെ വാടക കൊലയാളിയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തിരോദ്കര്‍ എഴുതി. കേസില്‍ ജാമ്യം ലഭിച്ച തിരോദ്കര്‍, നിരപരാധിയായ ഒരാളെ കൊല്ലാന്‍ കൂട്ടുനിന്നതായി നിരവധിയിടങ്ങളില്‍ വെച്ച് ഏറ്റുപറഞ്ഞിട്ടുണ്ട്.