Connect with us

Kerala

മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു; വീടുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും വീടുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണിന് കത്ത് നല്‍കി. മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നത് ഓഫീസില്‍ നിന്ന് സെക്രട്ടേറിയറ്റിന് പുറത്തേക്ക് മാറ്റും. ഇതിനായി സെക്രട്ടേറിയറ്റിന് പുറത്ത് പൊതുമരാമത്ത് വകുപ്പ് ഹാള്‍ നിര്‍മിക്കും. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ദര്‍ബാര്‍ ഹാളില്‍ സംവിധാനമൊരുക്കും.
മന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും ക്യാമറകളും ബാഗേജ് സ്‌കാനറും സ്ഥാപിക്കണമെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും ബാഗേജ് സ്‌കാനറുകളും സ്ഥാപിക്കുന്നതിനു പുറമെ സന്ദര്‍ശകര്‍ക്കുള്ള പരിശോധന കര്‍ശനമാക്കുന്നതിന് സുരക്ഷാ ജോലിയിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കും. സുരക്ഷാ ഉദ്യോഗസ്ഥസ്ഥരില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ആഴ്ചയില്‍ ഒരു ദിവസം വിവരങ്ങള്‍ ശേഖരിക്കും. ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍ ഓഫീസിന്റെ പ്രവേശന കവാടത്തിലും സ്ഥാപിക്കും. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വീടുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ ചേംബറിലോ ആണ് അദ്ദേഹം സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്താറുള്ളത്. ഈ രീതിമാറ്റി കുറച്ചുകൂടി സൗകര്യപ്രദവും വിശാലവുമായ സ്ഥലത്താക്കണം സന്ദര്‍ശകരെ കാണുന്നത് എന്നാണ് പോലീസിന്റെ അഭിപ്രായം. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളാണ് തത്കാലത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
സെക്രട്ടേറിയറ്റിന്റെ വടക്കു ഭാഗത്തുള്ള ഗേറ്റിനു സമീപത്താണ് പി ഡബ്ല്യു ഡി ബില്‍ഡിംഗ് വിഭാഗം ഹാള്‍ നിര്‍മിക്കുന്നത്. 16.95 ലക്ഷം രൂപയാണ് ചെലവ്. ഒരു സമയം 72 സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഹാളില്‍ സ്ഥലമുണ്ടാകും. ഒമ്പത് വരികളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
നിലവില്‍ മുഖ്യമന്ത്രിയെ കാണാനെത്തുന്ന സന്ദര്‍ശകരെല്ലാം ഓഫീസിനു മുന്നിലുള്ള ഇടനാഴിയില്‍ തടിച്ചുകൂടി നില്‍ക്കുകയാണ് പതിവ്. മുഖ്യമന്ത്രി എത്തിയാല്‍ അകത്തേക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ പലപ്പോഴും തിരക്ക് കൂടാറുണ്ട്. ഇത് ഒഴിവാക്കാനും പുതിയ സജ്ജീകരണത്തിലൂടെ കഴിയും.

Latest