ബീഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

Posted on: July 8, 2013 7:14 am | Last updated: July 8, 2013 at 1:17 pm

mahabodhiപാറ്റ്‌ന: ബീഹാറിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് സന്യാസിമാരുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ 5.15നും 5.58നും ഇടയില്‍ ഒമ്പത് സ്‌ഫോടനങ്ങളാണുണ്ടായത്. പൊട്ടാത്ത രണ്ട് ബോംബുകള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെത്തിയ എന്‍ ഐ എ സംഘം ഇവ നിര്‍വീര്യമാക്കി. സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് കേടുപാടുകളുണ്ടായിട്ടില്ല. മ്യാന്‍മര്‍, തിബറ്റന്‍ വംശജരാണ് ഗുരുതരമായി പരുക്കേറ്റ സന്യാസിമാര്‍. ഇവരെ മഗധ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീഹാറിലെ ബോധ്ഗയയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാറ്റ്‌നയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണിത്. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. നാല് സ്‌ഫോടനങ്ങള്‍ ക്ഷേത്രത്തിനകത്തും മൂന്ന് സ്‌ഫോടനങ്ങള്‍ കര്‍മാപ ആശ്രമത്തിന് സമീപവും മറ്റ് രണ്ടെണ്ണം ബുദ്ധന്റെ പ്രതിമയുടെയും ടൂറിസ്റ്റ് ബസ് സ്റ്റാന്‍ഡിന് സമീപവുമാണുണ്ടായത്. ബുദ്ധന് ‘ബോധോദയം’ ഉണ്ടായെന്ന് വിശ്വസിക്കപ്പെടുന്ന മഹാബോധി വൃക്ഷത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡി ജി പി അഭയാനന്ദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.
ശക്തി കുറഞ്ഞ നാടന്‍ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭീകരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഗാര്‍ഡി(എന്‍ എസ് ജി)ന്റെയും ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെയും സംഘം ബീഹാറിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാജ്യത്തെ എട്ട് നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബീഹാറിലെ അതീവ സുരക്ഷാ മേഖലയാണ് മഹാബോധി ക്ഷേത്രവും പരിസരവും. ശക്തമായ പരിശോധനകള്‍ക്ക് ശേഷമേ ക്ഷേത്രത്തിലേക്ക് ആളുകളെ കടത്തിവിടാറൂള്ളൂ. ക്ഷേത്രത്തിന്റെ സുരക്ഷ കഴിഞ്ഞ വര്‍ഷം സംസ്ഥാന പോലീസിലെ പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു.
ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ബീഹാറില്‍ ജനിച്ച് വിദേശത്ത് ഇപ്പോള്‍ കഴിയുന്ന രണ്ട് സഹോദരങ്ങള്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മ്യാന്‍മറില്‍ നടന്ന മുസ്‌ലിം വംശഹത്യക്ക് തിരിച്ചടിയെന്നോണമാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകള്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു.
ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി ബുദ്ധ തീര്‍ഥാടകരും സന്യാസിമാരും എത്തുന്ന സ്ഥലമാണ് മഹാബോധി ക്ഷേത്രം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലായും എത്തുന്നത്. ലോക പൈതൃക പട്ടികയിലും ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് നിതീഷ് സമ്മതിച്ചു. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ നിതീഷ്‌കുമാര്‍ തയ്യാറായില്ല.
എന്ത് വില കൊടുത്തും ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. ആക്രമണത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അപലപിച്ചു.