Connect with us

Sports

ചരിത്രം മാറ്റിയെഴുതി മുറെ

Published

|

Last Updated

ലണ്ടന്‍: ഒടുവില്‍ ചരിത്രം മാറ്റിയെഴുതാന്‍ കാലം ആന്‍ഡി മുറക്ക് വഴിമാറിക്കൊടുത്തു. വിംബിള്‍ഡണ്‍ ടെന്നീസ് ചരിത്രത്തില്‍ 77 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ബ്രിട്ടീഷ് താരം പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി.
ടെന്നീസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള സ്വപ്‌ന ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് മുറെ കിട്ടാക്കനിയായി നിന്ന വിംബിള്‍ഡണ്‍ ട്രോഫിയില്‍ തന്റെ ചുംബനം നല്‍കിയത്.
ഫൈനലില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുറെ ചരിത്രം രചിച്ചത്. സ്‌കോര്‍ 6-4, 7-5, 6-4. 77 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം വിംബിള്‍ഡണ്‍ കിരീടം ചൂടുന്നത്. 1936 ല്‍ ഫ്രഡ് പെറിയാണ് ഒടുവില്‍ ബ്രിട്ടന് വേണ്ടി വിംബിള്‍ഡണ്‍ നേടിയത്.
ആദ്യ സെറ്റ് 6-4ന് മുറെ സ്വന്തമാക്കിയെങ്കില്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ജോക്കോവിച്ച് തിരിച്ചു വന്നു. ഒരുവേള 4-1ന്റെ ലീഡ് സെര്‍ബിയന്‍ താരത്തിനുണ്ടായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മുറെ തിരിച്ചടിച്ചു. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാടി സെറ്റ് 7-5ന് മുറെ നേടി. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന വിജയം ബ്രിട്ടീഷ് താരത്തിനൊപ്പമായിരുന്നു. മത്സരം മൂന്ന് മണിക്കൂറും ഒമ്പത് മിനുട്ടും നീണ്ടുനിന്നു.
മുറെയുടെ കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടമാണ് ലണ്ടനിലെ സെന്‍ട്രല്‍ കോര്‍ട്ടില്‍ പിറന്നത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ ഫൈനലിലും ജോക്കോവിച്ചിനെ വീഴ്ത്തി മുറെ കിരീടം ചൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ മുറെ സ്വറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററോട് തോല്‍ക്കുകയായിരുന്നു.

Latest