അറബി സാഹിത്യരചനകള്‍ മലയാളികള്‍ക്ക് ആസ്വദിക്കുവാനവസരങ്ങള്‍ സൃഷ്ടിക്കണം

Posted on: July 7, 2013 8:57 pm | Last updated: July 7, 2013 at 8:57 pm

pk.parakkadavu inaugurating the silver jubileeദോഹ: അറബ് ലോകത്തെ പ്രതിഭാധനരായ കവികളുടേയും സാഹിത്യകാരന്മാരുടേയും രചനകളെ മലയാളി സമൂഹത്തിന് ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അറബ് ലോകവുമായുള്ള മലയാളികളുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ ഇത് സഹായകമാകുമെന്നും കേരള സാഹിത്യ അക്കാദമി അംഗം പി.കെ. പാറക്കടവും യുവകവി കൂഴൂര്‍ വില്‍സണും അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ പ്രഥമ കൃതിയായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കുവാനും അടുത്തറിയുവാനും അറബ് ലോകത്ത് ജീവിക്കുന്നവര്‍ പോലും തയ്യാറാകുന്നില്ല എന്നത് നിരാശാജനകമാണ്. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണമയക്കന്നതുപോലെ സര്‍ഗവ്യാപാരത്തിലൂടെ ഒരു സാഹിത്യ സൃഷ്ടിയെങ്കിലും മലയാളത്തിന് സമ്മാനിക്കുവാന്‍ കഴിവും സൗകര്യവുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം.

ഒരു പുസ്തകം കാല്‍ നൂറ്റാണ്ട് സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ടമാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ടതാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ ഗ്രന്ഥ രചന ആരംഭിച്ച അമാനുല്ല പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥം കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അറബി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി പഠിപ്പിക്കാന്‍ തുടങ്ങിയതും അമാനുല്ലയുടെ ശ്രമഫലമായാണ്.
സി. ബി. എസ്. ഇ സ്‌കൂളുകള്‍ക്ക് അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും പഠിപ്പിക്കുന്നതിനായി എട്ട് വാള്യങ്ങളിലായി അമാനുല്ല തയ്യാറാക്കി തിരൂരങ്ങാടി ബുക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബിക് ഫോര്‍ ബിഗിനേര്‍സ് എന്ന പരമ്പര ഇന്ത്യക്കകത്തും പുറത്തുമായി നൂറുകണക്കിന് സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്‍ര്‍നാഷണല്‍ സ്‌ക്കൂളുകളുടെ താല്‍പര്യം പരിഗണിച്ച് അറബിക് ഫോര്‍ ഇംഗഌഷ് സ്‌ക്കൂള്‍സ് എന്ന പുതിയ പരമ്പരയും തയ്യാറാക്കിയിട്ടുണ്ട്. അറബി ഭാഷാപഠനവുമായി ബന്ധപ്പെട്ട് മുപ്പതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അമാനുല്ല സ്‌പോക്കണ്‍ അറബി പരിശീലന രംഗത്തും ശ്രദ്ധേയനാണ്.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹ്മദ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ധീന്‍ ഒളകര, ആര്‍ഗണ്‍ ഗ്‌ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍, അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഈസ, സംസ്‌കൃതി പ്രസിഡണ്ട് അഹ്മദ് കുട്ടി അറലയില്‍, മശ്ഹൂദ് തിരുത്തിയാട്, എം. ടി. നിലമ്പൂര്‍, മുഹമ്മദ് പാറക്കടവ്, ഇസ്മാഈല്‍ മേലടി, യതീന്ദ്രന്‍ മാസ്റ്റര്‍, അഹ്മദ് തൂണേരി പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങ നന്ദിയും പറഞ്ഞു.