പ്രവാസി പെന്‍ഷന്‍ സ്‌കീമില്‍ അടുത്ത മാസം മുതല്‍ പണമടക്കാം

Posted on: July 7, 2013 8:23 pm | Last updated: July 7, 2013 at 8:23 pm

മസ്‌കത്ത്: സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ സ്‌കീമില്‍ അടുത്ത മാസം മുതല്‍ പണമടക്കാനാകും. പ്രതിമാസ വിഹിതം അടച്ച് ഗള്‍ഫില്‍ നിന്നും മടങ്ങി 60 വയസാകുമ്പോള്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയമാണ് നടപ്പിലാക്കുന്നത്.
രാജ്യത്തെ രണ്ടു ദേശീയ ബേങ്കുകളുമായി പെന്‍ഷന്‍ സ്‌കീമില്‍ പണമടക്കുന്നതിനായി ധാരണയിലെത്തിയിട്ടുണ്ടെന്ന് പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്നതു സംബന്ധിച്ച് കൂടതല്‍ വിവരങ്ങള്‍ എംബസികള്‍ പ്രവാസി ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. അപേക്ഷ സമര്‍പ്പിക്കണ്ട രീതിയും പണമടക്കേണ്ട രീതികളും സംബന്ധിച്ചും വിശദീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു നീലക്കോളര്‍ പ്രവാസികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സഊദി, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ നിലവില്‍ വന്ന പുതിയ സ്വദേശിവത്കരണ നയത്തെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്കു തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പദ്ധതി പെട്ടെന്ന് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വരുന്നത്.
നിതാഖാതിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പുരനധിവാസം ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും ഏറെ ചര്‍ച്ചയായ സാഹചര്യവും പദ്ധതി നിര്‍വഹണത്തിനു വേഗം കൂട്ടിയിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ 60 ബില്യണ്‍ ഡോളര്‍ നാട്ടിലേക്കയച്ചുവെന്നാണ് കണക്ക്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതക്ക് നിര്‍ണായ സംഭാവനകളര്‍പ്പിക്കുന്ന വിഭാഗം എന്ന നിലയില്‍ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഉയര്‍ന്നു വന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.