വില്ലകളില്‍ മോഷണം നടത്തിയ സംഘം പിടിയില്‍

Posted on: July 7, 2013 8:21 pm | Last updated: July 7, 2013 at 8:21 pm

അബുദാബി: പകല്‍ സമയങ്ങളില്‍ താമസക്കാരില്ലാത്ത വി ഐ പി വില്ലകളിലും ഫഌറ്റുകളിലും മോഷണം നടത്തുന്ന രണ്ടു സംഘത്തെ അബുദാബി പോലീസ് പിടികൂടി.
ആഭരണങ്ങള്‍, രത്‌നങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവയാണ് ഈ സംഘം കവര്‍ച്ച നടത്തിയത്. 10 ലക്ഷം ദിര്‍ഹം വിലയുള്ള തൊണ്ടിമുതലുകള്‍ പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആറ് ജോര്‍ജിയന്‍ സ്വദേശികളും ഒരു ഫിലിപ്പൈന്‍ സ്വദേശിയും ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് പോലീസ് പിടിയിലായത്. മോഷണം ലക്ഷ്യം വെച്ച് സന്ദര്‍ശക വിസയില്‍ എത്തിയവരാണ് സംഘത്തിലധികവുമെന്ന് പോലീസ് പറഞ്ഞു. വി ഐ പി വില്ലകളില്‍ താമസക്കാരില്ലാത്ത സമയങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
അറ്റകുറ്റപ്പണി ജോലിക്കാരെന്ന വ്യാജേന, വീടുകളില്‍ ചെന്ന് വീട്ടുകാരുമായി സംസാരിച്ച് ചുറ്റുപാട് മനസിലാക്കിയ ശേഷമാണ് മോഷണം നടത്തിയിരുന്നത്. പെട്ടെന്ന് ഒളിപ്പിക്കാന്‍ കഴിയുന്നതും വില കൂടിയതുമായ വസ്തുക്കളായിരുന്നു ഇവര്‍ മോഷ്ടിച്ചിരുന്നത്. വ്യത്യസ്ത കേസുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, മോഷണ രീതി ഒന്നാണെന്നും മനസിലാക്കി കരുക്കള്‍ നീക്കുകയായിരുന്നു.
പ്രതികള്‍ താമസിച്ചിരുന്ന ദുബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും അബുദാബിയിലെ ഖതം പ്രദേശത്തെ കൃഷിസ്ഥലത്തു നിന്നുമാണ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ ഗോള്‍ഡ് പ്ലേറ്റാക്കി മടക്കുന്ന യന്ത്രവും ഇവരുടെ ദുബൈയിലെ താമസ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.
അപരിചിതരായ ആളുകളെ ഒരു സാഹചര്യത്തിലും വീടുകളിലേക്ക് പ്രവേശിക്കാന്‍ സാഹചര്യമൊരുക്കരുതെന്നും അറ്റകുറ്റപ്പണികളോ മറ്റോ ആവശ്യമുള്ളവര്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടു മാത്രമേ സേവനങ്ങള്‍ സ്വീകരിക്കാവൂവെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.