വഴിവാണിഭവും പരസ്യബോര്‍ഡുകളും കര്‍ശന നടപടി വേണമെന്ന് താലൂക്ക് വികസനസമിതി

Posted on: July 7, 2013 9:07 am | Last updated: July 7, 2013 at 9:07 am

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ പരിധിക്കുളളില്‍ പല സ്ഥലങ്ങളിലും നഗരസഭയുടെ അനുവാദമില്ലാതെ വഴിയോരക്കച്ചവടങ്ങളും പെട്ടിക്കടകളും നടത്തുന്നത് തടയാന്‍ കര്‍ശന നടപടിക്കായി താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത്തരത്തിലുളള വഴിയോര കച്ചവടങ്ങള്‍ കാല്‍നടയാത്രക്കും ഗതാഗതത്തിനും വലിയ തോതില്‍ തടസം സൃഷ്ടിക്കുന്നു. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് പോലും ഗതാഗതകുരുക്ക് സൃഷ്ടിക്കാന്‍ ഇത് ഇടയാക്കുന്നു. വഴിയോര വാണിജ്യങ്ങള്‍ പോലെ പരസ്യബോര്‍ഡുകളും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും അധികൃതര്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമിതി തീരുമാനിച്ചു.

ചിറക്കല്‍, നാറാത്ത്, പുഴാതി പഞ്ചായത്തുകളില്‍ ഉപ്പ് വെളളം കയറുന്നത് തടയാനുളള ബണ്ട് പുനരുദ്ധാരണത്തിനായി അനുവദിച്ച 306 ലക്ഷം രൂപയുടെ പ്രവൃത്തിയില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിന് കൃഷി മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. കാള്‍ടെക്‌സിലെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടിക്കായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിവിധ പഞ്ചായത്തുകളിലെ റോഡ് അനധികൃതമായി കയ്യേറുന്നുവെന്നും ഏത് തടയാന്‍ പഞ്ചായത്തുകള്‍ റീസര്‍വ്വെ പോലുളള നടപടികള്‍ ആരംഭിക്കണമെന്നും താലൂക്ക് സഭ നിര്‍ദ്ദേശിച്ചു.