‘മണി’ ഇനി പത്താം തരം തുല്യതാ അംബാസഡര്‍

Posted on: July 7, 2013 9:04 am | Last updated: July 7, 2013 at 9:04 am

കല്‍പ്പറ്റ: ഫോട്ടോഗ്രാഫര്‍ സിനിമയിലെ താമിയായ മണി ഇനി സാക്ഷരതാ മിഷന്‍ പത്താം തരം തുല്യതാ അംബാസ ഡറായിരിക്കും. പത്താം തരം തുല്യതാ എട്ടാം ബാച്ച് രജിസ്‌ട്രേഷന്‍ മണിക്ക് നല്‍കി എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വരുന്ന നാല് വര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ ആളുകളെയും പത്താം തരം തുല്യത നേടാന്‍ അവസരമൊരുക്കണമെന്നും പിന്നാക്കം നില്‍ക്കുന്ന വയനാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ജില്ലാ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം വളരെയേറെ സഹായകരമാണെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.
ജില്ലാ സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി മണിയെ ജില്ലയുടെ അംബാസഡറായി പ്രഖ്യാപിക്കുകയും മണിയുടെ പ്ലസ്ടു പഠനം വരെ സൗജന്യമായി ജില്ലാ സാക്ഷരതാ മിഷന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അദ്ദേഹം അധ്യക്ഷനായിരുന്നു. നിലവില്‍ പത്താം തരം തുല്യതാ പഠിതാവായ കുയില്‍ സിനിമയിലെ ഗായിക അനിതയെയും എം.എല്‍.എ പ്രശംസിച്ചു.
പ്രേരക്മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ കുടൂതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി നിര്‍വഹിച്ചു.
പ്ലസ്ടു വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്‍ഷ സുരേഷ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് എടത്തില്‍ക്കുന്ന് വിദ്യാകേന്ദ്രം പ്രേരക് മിനിയുടെ മകളാണ്.
എസ് എസ് എല്‍ സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹസീന ജാസ്മിന്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പരിയാരം വിദ്യാകേന്ദ്രം പ്രേരക് സക്കീന എന്‍ പിയുടെ മകളാണ്.
സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാലാപനത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രുതി ശ്രീകുമാറിന് സമ്മാനദാനം കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി പി എ കരീം നിര്‍വ്വഹിച്ചു.
ശ്രുതി ശ്രീകുമാര്‍ ഏച്ചോം വിദ്യാകേന്ദ്രം പ്രേരക് ബിന്ദുകുമാരിയുടെ മകളാണ്. ചടങ്ങില്‍ കെ പ്രകാശന്‍, സ്വയ നാസര്‍, ഡി ഡി ഇ എന്‍ ഐ തങ്കമണി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സി വി സുജാത, കുടുംബശ്രീമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി മുഹമ്മദ്, പി വി ശാസ്തപ്രസാദ്, ചന്ദ്രന്‍ കെനാത്തി, ലീലഎം, ചിത്രാദേവി കെ എന്നിവര്‍ പ്രസംഗിച്ചു.